എസ്.ഡി.പി.ഐ നേതാവ് പാടുമ്പോൾ സമീപം എ. വിജയരാഘവൻ ഭക്ഷണം കഴിക്കുന്ന വിഡിയോ: വിശദീകരണവുമായി സി.പി.എം

മലപ്പുറം: സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനെതിരായ വ്യക്തിഹത്യ അപലപനീയമാണെന്ന് പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. വിജയരാഘവൻ എസ്.ഡി.പി.ഐ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
‘സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. വസ്തുതകൾ അന്വേഷിക്കാതെ ചില ചാനലുകൾ ഇത് വാർത്തയുമാക്കി. പാർട്ടി നേതാക്കളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങൾ.
മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന രാഷ്ട്രീയ നേതാവാണ് എ വിജയരാഘവൻ. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടച്ചതിന്റെ പേരിൽ സംഘപരിവാറും മുസ്ലിം മതതീവ്രദാ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്. അതിനെ പ്രതിരോധിച്ചാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാർടി അവജ്ഞയോടെ തള്ളിക്കളയുന്നു. വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണം’ -സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ സി.പി.എമ്മിന് വേണ്ടി സജീവമായി ഇടപെടുന്ന സഈദ് അബി എന്ന ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ ആദ്യമായി പുറത്തുവിട്ടത്. എ വിജയരാഘവനെതിരെ പാർട്ടി അന്വേഷണം അനിവാര്യമാണ് എന്ന കുറിപ്പിന് ഒപ്പമാണ് വിഡിയോ പ്രസിദ്ധീകരിച്ചത്.
സഈദ് അബിയുടെ കുറിപ്പിന്റെ പൂർണരൂപം:
‘പിബി അംഗം വിജയരാഘവനെതിരെ മുമ്പൊരു പോസ്റ്റ് ഇട്ടിരുന്നു. മലപ്പുറത്തെ സി.പി.എമ്മിന്റെ വർഗചരിത്രത്തെ/ രാഷ്ട്രീയഅന്തസ്സിനെ മുഴുവൻ ഇടിച്ച് തകർത്തൊരു ബിസിനസ് കോക്കസ് ഉണ്ടാക്കി മുന്നോട്ട് പോകുന്ന വിജയരാഘവന് ഒട്ടും മുസ്ലിം ലീഗ് വിരുദ്ധമായ രാഷ്ട്രീയമില്ല എന്ന ബോധ്യത്തിലായിരുന്നു എഴുതിയത്. മുസ്ലിം ലീഗിന്റെ പ്രവാസി ബിസിനസുകാരോട് അനാരോഗ്യകരമായ ബന്ധവും അടുപ്പവും പുലർത്തുന്ന നേതാവ് തിരൂർ കേന്ദ്രീകരിച്ചോരു കോക്കസ് ഉണ്ടാക്കിയാണ് മുമ്പോട്ട് പോകുന്നത്. പാർട്ടിയുടെ പല കമ്മിറ്റികളിലും ഇഷ്ടക്കാരെ കയറ്റി വെച്ച് – സംഘടനാകരുത്തിനെ ചോർത്തുന്ന തീരുമാനങ്ങൾ എടുപ്പിച്ച്- ഈ ബിസിനസ് ടീമിന് വേണ്ടി നേതാവ് പ്രവർത്തിക്കുന്നു. മലയാളം സർവകലാശാല അഴിമതിയിൽ ജലീലിന്റെ പിന്നാലെ കൂടാനായിരുന്നു ലീഗിനിഷ്ടം.അവർ യഥാർത്ഥത്തിൽ പോകേണ്ടത് വിജയരഘവന്റെ പിന്നിലാണ്. അങ്ങനെ പോയാൽ ലീഗ് നേതാക്കളും കുടുങ്ങും എന്നവർക്ക് അറിയാം.
റിയൽ എസ്റ്റേറ്റും ബ്രോക്കർ പണിയുമായി വിജയരാഘവന്റെ രാഷ്ട്രീയപ്രവർത്തനം മലപ്പുറത്ത് തുടരുന്ന കാലത്തോളം മലപ്പുറത്ത് സിപിഐഎം രക്ഷപ്പെടില്ല. ന്യൂനപക്ഷ വർഗീയയതക്ക് എതിരെ ചാനലുകളോട് പ്രതികരിക്കുന്ന നേതാവ് രഹസ്യമായി സമുദായ പാർട്ടികളോടും വർഗീയ സംഘടനകളോടും വെക്കുന്ന ബന്ധങ്ങൾ ചോദ്യം ചെയ്യണം.
ബിനാമികളെ വെച്ച് വിജയരാഘവൻ നടത്തുന്ന പണികളെ കുറിച്ച് പാർട്ടി അന്വേഷിക്കണം. പാർട്ടിയുടെ അന്തസ് ഇടിച്ച് കളയുന്ന ‘നടുകുനിയൽ’ നൃത്തമാണ് ഇദ്ദേഹം വളരെ ചെറിയ നേട്ടങ്ങൾക്ക് വേണ്ടി നടത്തുന്നത്.
പല ജില്ലാ കമ്മിറ്റികളിലും ജില്ലയുടെ ചുമതല ഉള്ളവർക്ക് എതിരെ ശക്തമായ വിമർശനം ഉണ്ടായപ്പോഴും വിജയരാഘവനെതിരെ 16 മണ്ഡലം ബഹുഭൂരിപക്ഷത്തിന് തോറ്റ ജില്ലയിൽ കാര്യമായി ഉണ്ടായിട്ടില്ല. ലളിതമായ വിമർശനങ്ങൾ മാത്രമാണ് നടന്നത്. വിജയരാഘവന്റെ റോൾ എന്താണ് ജില്ലയിലെന്ന് സ്റ്റേറ്റ് നേതൃത്വം അന്വേഷിക്കണം.
ഈ വീഡിയോയിൽ പാട്ട് പാടുന്ന SDPI തിരുർ മണ്ഡലം പ്രസിഡന്റ് ഷാഫിയുമായി എന്താണ് വിജയരാഘവന്റെ ബന്ധം. ? ആഷികും ഷാഫിയുമൊക്കെ നേതൃത്വം കൊടുക്കുന്ന ബിസിനസ് മേഖലക്ക് വേണ്ടി ഇടത് സർക്കാരിന്റെ കാലത്ത് വിജയരാഘവൻ എന്തൊക്കെ ചെയ്തിട്ടുണ്ട്. SDPI വിജയരാഘവന്റെ പേരിൽ നിരന്തരം ഇടതിനൊപ്പമുള്ള മുസ്ലിംകളെ ലക്ഷ്യം വെക്കാറുണ്ട്.
മുസ്ലിം ലീഗും SDPI യുമൊക്കെ സമൂഹത്തിൽ അത് തുടരുമ്പോൾ നല്ല അടുപ്പവും സൗഹൃദവും അദ്ദേഹത്തോട് വെക്കുന്നു. അണികളെയും മലപ്പുറത്തെ സാധാരണ പാർട്ടിക്കാരും അപമാനത്തിൽ നിൽക്കുന്നു.
പല ഫോട്ടോകളും വീഡിയോകളും മുസ്ലിം ലീഗ്- വിജയരാഘവൻ ബന്ധം തെളിയിക്കുന്നത് ഉണ്ടെങ്കിലും അതിലൊക്കെ പാർട്ടി നേതാക്കളെ സൂത്രത്തിൽ ഉൾക്കൊള്ളിക്കാൻ വിജയരാഘവൻ ശ്രമിക്കാറുണ്ട്. ആ നേതാക്കൾക്ക് കൃത്യമായി ഉദ്ദേശമൊന്നും അറിയാൻ സാധ്യതയില്ല. അത്കൊണ്ട് അവരെ കൂടി വലിച്ചിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ വിജയരാഘവൻ മൈക്കിന്റെ മുമ്പിൽ എന്തെങ്കിലും പറഞ്ഞ ശേഷം പിന്നിലൂടെ നടത്തുന്ന പണികളെ കുറിച്ച് നേതാക്കൾ മനസിലാക്കണം. പാർട്ടിക്കാരോട് ഒട്ടും മര്യാദ ഇല്ലാതെ പെരുമാറുകയും പണക്കാരോട് കുമ്പിട്ട് നിൽക്കുകയും ചെയ്യുന്ന ഒരാൾ പിബി മെമ്പറായി വരെ ഇരിക്കുന്നത് സിപിഐഎമ്മിന് നാണക്കേടാണ്’.
