കാലിക്കറ്റ് സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ 32 സംഘ്പരിവാർ അനുകൂല അധ്യാപകരെ നിയമിച്ച സിൻഡിക്കേറ്റ് നടപടി പ്രതിഷേധാർഹമാണെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് യൂണിവേഴ്‌സിറ്റി അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് മാർച്ച് നടത്തി.

പരീക്ഷ ഭവന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് എ.ഡി ബ്ലോക്കിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെയും പാഠ്യപദ്ധതികളെയും ഹിന്ദുത്വവത്ക്കരിക്കുന്ന സംഘ്പരിവാർ അജണ്ടകൾക്ക് ശക്തിപകരുന്ന ചെറിയ പഴുതുകൾ പോലും വെച്ചുപൊറുപ്പിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലെ ആർ.എസ്.എസ് അജണ്ടകൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ മൗനിയായിരിക്കുന്നത് അംഗീകരിക്കാനാകില്ല. കാലിക്കറ്റ് വാഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസിൽ നിയമിക്കപ്പെട്ട സംഘ്പരിവാർ അനുകൂലികളെ ഉടൻ പുറത്താക്കിയില്ലെങ്കി പ്രതിഷേധം കടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എം.സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു.

അൻവർ സലാഹുദ്ദീൻ, ആഷിഖ് ടി.എം, വി.ടി.എസ്.ഉമർ എന്നിവർ സംസാരിച്ചു. ഷിബിൻ റഹ്മാൻ, ഷാരോൺ അഹമ്മദ്, ഹാദി ഹസൻ, അഫ്സൽ യു.പി, ഇർഷാദ്, തൻഹ, അനു ഷഹ് വാൻ, റിൻസിന എന്നിവർ നേതൃത്വം നൽകി.