മലപ്പുറത്തിന് വീണ്ടും അവഗണനയോ? മൂന്ന് ജില്ല ആശുപത്രികൾക്കും ആശങ്ക

പെരിന്തൽമണ്ണ: ജില്ല ആശുപത്രികളെയും പ്രധാന താലൂക്കാശുപത്രികളെയും മുഴുവൻ സമയ സ്പെഷ്യാലിറ്റി കേന്ദ്രങ്ങളാക്കുമ്പോൾ പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ജില്ല ആശുപത്രികളിൽ കൂടി അനുമതി ലഭിക്കണമെങ്കിൽ സർക്കാർ കനിയണം. മറ്റ് ജില്ലകളിൽ ജില്ല ആശുപത്രികൾക്ക് പുറമെ പ്രധാനപ്പെട്ട ഒരു താലൂക്കാശുപത്രിയെയോ ജനറൽ ആശുപത്രിയെയോ കൂടി പരിഗണിക്കുമ്പോൾ ആരോഗ്യ വകുപ്പ് കണക്കാക്കിയ മാനദണ്ഡ പ്രകാരം ജില്ലയിലെ താലൂക്ക് ആശുപത്രികളെ ഒന്നിനെ പോലും പരിഗണിക്കാനാവില്ല. ജനസംഖ്യയും തദ്ദേശസ്ഥാപനങ്ങളുടെ എണ്ണവും കൊണ്ട് മൂന്ന് ജില്ല ആശുപത്രികളുള്ള ജില്ലയാണ് മലപ്പുറം. അവ തന്നെ ഞെരുങ്ങിയാണ് പ്രവർത്തിക്കുന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് നിലവിൽ ഗവ. ആശുപത്രികളിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം. ഇത് ആദ്യഘട്ടത്തിൽ ജില്ലയിൽ രണ്ട് ആശുപത്രികൾ വീതം സംസ്ഥാനത്ത് 28 ആശുപത്രികളിൽ 24 മണിക്കൂറാക്കും.

എട്ട് മണിക്കൂറുളള മൂന്ന് ഷിഫ്റ്റിൽ നാമമാത്രമായാണെങ്കിലും സ്പെഷാലിറ്റി സേവനം ഉറപ്പാക്കാൻ കുറേ ഡോക്ടർമാർ വേണം. മലപ്പുറത്ത് മൂന്ന് ജില്ല ആശുപത്രികളുണ്ടായിരിക്കെ മൂന്നിടത്തും ഈ സൗകര്യം ലഭിക്കാനിടയില്ല. സംവിധാനം കൊല്ലത്തെ പുനലൂർ താലൂക്ക് ആശുപത്രിയിൽ സെപ്റ്റംബർ ഒന്നുമുതൽ നിലവിൽ വന്നു. ജില്ല, ജനറൽ ആശുപത്രികളിൽ ഈ സംവിധാനം പൂർണാർഥത്തിൽ നിലവിൽ വരുത്താനാണ് സർക്കാർ ആലോചന. കാത്ത് ലാബ് സൗകര്യം നിലവിലുള്ള പ്രധാന ആശുപത്രികളിൽ സ്ട്രോക്ക് യൂനിറ്റ്, ന്യൂറോളജിസ്റ്റ് സേവനം എന്നിവ ഏർപ്പെടുത്തുമെന്നും നജീബ് കാന്തപുരം എംഎൽ.എയെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളിൽ രണ്ട് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാർ വീതം ഓരോ ഷിഫ്റ്റിലും നിയമിക്കാനും തീരുമാനമുണ്ട്.

പെരിന്തൽമണ്ണക്ക് പരിഗണന വേണം-എം.എൽ.എ

പെരിന്തൽമണ്ണ: 24 മണിക്കൂർ സ്പെഷാലിറ്റി സേവനം ലഭ്യമാക്കുമ്പോൾ പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് പരിഗണന നൽകണമെന്നും കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും നജീബ് കാന്തപുരം എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. മെഡിസിനിൽ നാല് അസി. സർജൻമാർ, ശിശുരോഗ വിഭാഗത്തിൽ ഓരോ ജൂനിയർ കൺസൽട്ടന്റ്, അനസ്തേഷ്യയിലും ഗൈനക്കോളജിയിലും ഒരോ കൺസൽട്ടന്റ് എന്നിങ്ങനെ ഡോക്ടർമാർ വേണം. ഡോക്ടർമാരെയും നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരെയും വേണമെന്നും ആരോഗ്യ ഡയറക്ടർ തയാറാക്കിയ പട്ടിക ധനവകുപ്പിന്റെ പരിഗണനയിലാണെന്നും പെരിന്തൽമണ്ണ ജില്ല ആശുപത്രിക്കും പരിഗണന ലഭിക്കുമെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.