ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്; പ്രതിയായ 17കാരൻ ഇൻസ്റ്റ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

കൊച്ചി: ചേരാനല്ലൂരിൽ കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ പ്രതിയായ 17കാരന്റെ പിതാവ് അഡീഷനൽ ജില്ല ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അന്വേഷണ സംഘം ഇയാളിൽനിന്ന് ചോദിച്ചറിഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ആലുവ കമ്പനി പടിയിലെ താമസ സ്ഥലത്തെത്തിയാണ് പൊലീസ് ജഡ്ജിയുടെ മൊഴിയെടുത്തത്. തന്റെ അറിവോടെയല്ല മകൻ വാഹനം എടുത്തുപോയതെന്നും മകൻ പതിവായി വാഹനം ഓടിക്കുന്നത് തനിക്ക് അറിയില്ലെന്നുമാണ് ജഡ്ജി മൊഴി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇതിനൊപ്പം 17കാരന്റെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിങ് പഠിച്ചതെന്നും കൊതികൊണ്ടാണ് പിതാവിന്റെ കാർ അറിയാതെ എടുത്തുകൊണ്ടുപോയതെന്നുമെല്ലാമാണ് പ്രതി മൊഴി നൽകിയത്. ഇത് പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല.
അതിനിടെ 17കാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. വാഹനം അമിത വേഗത്തിൽ ഓടിക്കുന്ന വിഡിയോകളും മറ്റും ഈ ഇൻസ്റ്റഗ്രം അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. ഇത് തെളിവായി അന്വേഷണ സംഘം ഉപയോഗിക്കരുതെന്ന തിരിച്ചറിവിൽനിന്നാകാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അപകടം വരുത്തിയ വാഹനത്തിന്റെ ആർ.സി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം ഇപ്പോൾ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ നടപടികളുമായി അതിവേഗം മുന്നോട്ട് പോവുകയാണ്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇപ്പോൾ അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
സംഭവത്തിൽ അഡീഷനൽ ജില്ല ജഡ്ജിക്കെതിരെ തിങ്കളാഴ്ച പൊലീസ് കേസെടുത്തിരുന്നു. ഇരിങ്ങാലക്കുട മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ല ജഡ്ജിക്കെതിരെയാണ് കേസെടുത്തത്. കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. പ്രതി മണിക്കൂറിൽ 100 കിലോമീറ്ററിനു മുകളിൽ വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് വ്യക്തമാക്കി.
