ചേരാനല്ലൂർ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുബത്തിന്‍റെ ആശങ്കകൾ കേട്ട് വി.ഡി സതീശൻ

കൊച്ചി: വിമർശനങ്ങൾക്കിടെ, ചേരാനല്ലൂരിൽ ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എം.എൽ.എ, മുഹമ്മദ് ഷിയാസ് എം.എൽ.എ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി അവരുടെ ആശങ്കകൾ കേട്ടു.

ജയബാലകൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കാത്ത് നേരത്തെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി നേരിട്ടെത്താതിരുന്നതെന്നാണ് വിശദീകരണം. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ എ.ഡി.ജി.പി പി. വിജയൻ കുടുംബത്തെ നേരിൽ കണ്ട് ആശങ്കകൾ കേട്ടിരുന്നു.

ചേരാനല്ലൂർ വാഹനാപകടക്കേസ് നാളെ കോടതി പരിഗണിക്കും. ഇന്ന് കോടതിയിൽ വക്കാലത്തുമായി ബന്ധപ്പെട്ട് ചോദ്യമുയർന്നിരുന്നു. ആരാണ് വക്കാലത്ത് നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് മകളാണ് നൽകിയതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. നിലവിലെ അഭിഭാഷകൻ നിർബന്ധിച്ച് വക്കാലത്ത് ഒപ്പിടിപ്പിച്ചെന്ന ആരോപണം ജയബാലകൃഷ്ണന്റെ ബന്ധു ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വക്കാലത്ത് താൻ സ്വമേധയാ നൽകിയതാണെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി വ്യക്തമാക്കിയത്.അതേസമയം, കേസിലെ അഭിഭാഷകനെ മാറ്റുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരായ അഭിഭാഷകന് താൻ തന്നെയാണ് വക്കാലത്ത് ഒപ്പിട്ടു നൽകിയതെന്നും ആരും ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചിട്ടില്ലെന്നും ഭദ്ര വ്യക്തമാക്കി.

‘അഡ്വക്കേറ്റ് ശ്രീജിത്ത് എന്ന് പറയുന്നത് എനിക്കും അമ്മക്കും അച്ഛനും ഭയങ്കര ക്ലോസ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. ഞങ്ങളുടെ കടയിൽ വന്ന് അച്ഛനോട് വർക്കിന്റെ കാര്യത്തിൽ അദ്ദേഹം സംസാരിക്കാറുണ്ട്. കൂടുതൽ എന്റെ അച്ഛൻ അദ്ദേഹത്തിന് കുറെ അഡ്വൈസ് കൊടുക്കും. അത്ര അടുത്ത ബന്ധമുള്ള ഒരു വക്കീലാണ് ശ്രീജിത്ത് എന്ന് പറയുന്നത്. അപ്പോ തുടക്കകാലങ്ങളിൽ നമുക്ക് നിയമം എന്താണെന്നും കാര്യങ്ങൾ എന്താണെന്നും അതിന്റെ നടപടികളും അറിയില്ലായിരുന്നു.അങ്ങനെ ഞാൻ തന്നെയാണ് അദ്ദേഹത്തിന് വക്കാലത്ത് ഒപ്പിട്ടു കൊടുത്തത്. അല്ലാണ്ട് ഭീഷണിപ്പെടുത്തി നിർബന്ധിച്ചിട്ടല്ല.. നമ്മുടെ നല്ലൊരു സുഹൃത്ത് തന്നെയാണ് അഡ്വക്കേറ്റ് ശ്രീജിത്ത്’ഭദ്ര മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തിന്റെ ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ഭദ്ര അറിയിച്ചു. അതേസമയം, മറ്റൊരു വക്കാലത്ത് നൽകിയെന്ന വിവരം അറിയില്ലെന്നും അവർ വ്യക്തമാക്കി. കോടതിയുടെ തീരുമാനം വന്നശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഭദ്ര കൂട്ടിച്ചേർത്തു.