‘പ്രതിഷേധിക്കാനും സമരംചെയ്യാനും ഒരു മര്യാദയുണ്ട്, കോൺ വെക്കേഷൻ തടസപ്പെടുത്തിയല്ല ചെയ്യേണ്ടത്': മഹാരാജാസിലെ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം. ജോൺ

എറണാകുളം: മഹാരാജാസിലുണ്ടായത് ദൗർഭാഗ്യകരമായി സംഭവമെന്ന് റോജി എം ജോൺ. തന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടയിൽ എസ്.എഫ്.ഐ വിദ്യാർഥികൾ ബാനറും പ്ലക്കാർഡുകളും ഉയർത്തി. പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ശേഷം താൻ പ്രസംഗം തുടരുകയായിരുന്നു. പ്രസംഗം അവസാനിപ്പിക്കുമ്പോഴാണ് വിദ്യാർഥികൾ ചോദ്യം ചോദിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നതെന്ന് മന്ത്രി പറഞ്ഞു.

ഏത് ചടങ്ങിനും അതിന്‍റേതായ മര്യാദയുണ്ട്. കോൺവെക്കേഷന്‍റെ പ്രോട്ടോക്കോളിനെ ബാധിക്കാതിരിക്കാനാണ് താൻ അവസാനം മറുപടി നൽകാമെന്ന് പറഞ്ഞത്. എന്നാൽ അത് അംഗീകരിക്കാതെ പരിപാടിയിൽ പ്രശ്നം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വേദിയിലേക്ക് കയറി വരികയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പോയിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.

പ്രതിഷേധിക്കാനും സമരം ചെയ്യാനും ഒരു മര്യാദയുണ്ട്. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നമായ കോൺവെക്കേഷൻ പോലുള്ള ചടങ്ങ് തടസപ്പെടുത്തിയല്ല പ്രതഷേധങ്ങൾ നടത്തേണ്ടതെന്നും ജനാധിപത്യപരമല്ലാത്ത സമര രീതികൾക്കു മുന്നിൽ മുട്ടു മടക്കില്ലെന്നും മന്ത്രി പറഞ്ഞു. എസ്.എഫ്.ഐ ചെയ്തത് അപരികൃഷ്ത സമര രീതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാജാസിൽ കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് വിദ്യാർഥികളുടെ അഡ്മിഷൻ റദ്ദു ചെയ്യുന്നതു വരെയുള്ള സംഭവമുണ്ടായിട്ടുണ്ട്. അന്ന് ഇവരൊന്നും ചോദിക്കാതിരുന്നതെന്തെന്ന് മന്ത്രി ചോദിച്ചു.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. . മന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് സദസ്സിൽനിന്ന് വിദ്യാർഥികൾ പ്ലക്കാർഡുകൾ ഉയർത്തി മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. പ്രസംഗത്തിനുശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. മന്ത്രി പ്രസംഗം തുടർന്നെങ്കിലും പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പിന്നാലെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി വേദി വിട്ടുപോവുകയായിരുന്നു.