വിവാദം ഹൈ വോൾട്ടേജിൽ; വൈദ്യുതി വാങ്ങലിൽ കൊണ്ടും കൊടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങുന്നതിനെച്ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടലും അഴിമതി ആരോപണവും. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായ ആരോപണവുമായി രംഗത്തെത്തുകയും മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകുകയും ചെയ്തതോടെ വിഷയം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും സർക്കാറിനെതിരെ ആക്ഷേപവുമായി രംഗത്തെത്തി.

മന്ത്രിയെയും കെ.എസ്.ഇ.ബിയെയും നോക്കുകുത്തിയാക്കി സ്വകാര്യ പ്ലാറ്റ്ഫോമിൽനിന്ന് വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുക്കുന്നത് അഴിമതിക്കാണെന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉന്നയിക്കുന്നത്. വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും അതീവ ഗൗരവമായ കാര്യങ്ങൾ ഇതിനുപിന്നിലുണ്ടെന്നുമുള്ള ആരോപണമാണ് വാർത്തസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ചത്. കരാറിനായുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങൾക്ക് പിന്നിൽ ചില സംശയങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതി ബോർഡും മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ സമീപനമെന്നും അദ്ദേഹം ആരോപിക്കുന്നു. ഹിമാചൽ പ്രദേശിൽനിന്ന് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടും സ്വകാര്യ പ്ലാറ്റ്ഫോമിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ, ആരോപണങ്ങൾ ഖണ്ഡിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. വൈദ്യുതിക്ഷാമമുണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഉൾപ്പെടെ വ്യക്തമാക്കിയതായും സംസ്ഥാന താൽപര്യം സംരക്ഷിക്കുന്ന കരാറിലാണ് ഏർപ്പെട്ടതെന്നും ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ ഒളിപ്പിക്കാനൊന്നുമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പിന്നിൽ അതീവ ഗൗരവമുള്ള കാര്യങ്ങൾ -പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും അതീവ ഗൗരവപരമായ കാര്യങ്ങൾ ഇതിനു പിന്നിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നീക്കങ്ങൾക്ക് പിന്നിൽ ചില സംശയങ്ങളുണ്ടെന്ന സൂചനയും അദ്ദേഹം നൽകി.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകേണ്ട കാലാവസ്ഥയല്ല. എന്നാൽ, മുഖ്യമന്ത്രി പറയുന്നത് പ്രതിസന്ധിയുണ്ടെന്നാണ്. വൈദ്യുതി സംബന്ധിച്ച് കാര്യങ്ങൾ സാധാരണ കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടതും കെ.എസ്.ഇ.ബിയാണ്. പ്രധാന ഉത്തരവാദിത്തവും അവർക്ക് തന്നെ.

വൈദ്യുതി കരാറിന്‍റെ കാര്യങ്ങൾ നേരെയാണെന്ന് പറയാനാകില്ല. വൈദ്യുതി ബോർഡിന്റെ സമീപനം തള്ളുന്ന സർക്കാർ നടപടി ദുരൂഹമാണ്. നടക്കാൻ പാടില്ലാത്ത എന്തോ ഒന്ന് പിന്നിലില്ലേയെന്ന് സംശയമുയർത്തുന്നതാണിത്. വൈദ്യുതി കരാർ ഒപ്പിടാൻ തീരുമാനിച്ചത് താനെന്ന് മുഖ്യമന്ത്രി പറയുന്നു. പിന്നെന്തിനാണ് വകുപ്പും മന്ത്രിയും ബോർഡും?. ഹിമാചൽ പ്രദേശിൽനിന്ന് കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നിരിക്കെ, ജി.എൻ.എയിൽനിന്ന് വാങ്ങാനാണ് തീരുമാനം. വൈദ്യുതി ഉൽപാദിപ്പിക്കുന്ന കമ്പനിയല്ല ജി.എൻ.എ, ഡിജിറ്റൽ ഒ.ടി.സി ആണത്. സുതാര്യ നടപടിക്രമങ്ങളിലൂടെയാണ് വൈദ്യുതി വാങ്ങേണ്ടത്. കെ.എസ്.ഇ.ബി വിശദമായ പഠനം നടത്തി കാര്യങ്ങൾ അവതരിപ്പിച്ചു.

ജി.എൻ.എ വൈദ്യുതി വാങ്ങുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് അവർ പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔദ്യോഗികമായി കത്ത് നൽകിയെന്നും കെ.എസ്.ഇ.ബി പറയുന്നു. രാജമാണിക്യം പ്രാപ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കാര്യങ്ങൾ പരിശോധിച്ചപ്പോൾ ശരിയല്ലെന്ന് ബോധ്യപ്പെട്ടാണ് അദ്ദേഹം ശരികേടുകൾ ബോധ്യപ്പെടുത്തിയത്. എന്നാൽ, വഴങ്ങാത്ത ഉദ്യോഗസ്ഥനെ മാറ്റുകയാണ് ചെയ്തത്. ഹിമാചൽ വൈദ്യുതിക്ക് അനുകൂലമായി മന്ത്രി സണ്ണി ജോസഫ് ഫയലിൽ കുറിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. ടെൻഡില്ലാതെ വൈദ്യുതി വാങ്ങാനുള്ള സമ്മർദം ഏത് തലത്തിൽ നിന്നാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം. വൈദ്യുതി ഉൽപാദിപ്പിക്കാത്ത പ്ലാറ്റ്‌ഫോമിനുവേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് എന്തിനാണ്? ആരുടെ വൈദ്യുതിയാണ് വാങ്ങുന്നത്, ഏത് കമ്പനിയുടേതാണ്, പിന്നിലെ ഇടനിലക്കാർ ആര് തുടങ്ങിയ കാര്യങ്ങൾ ദുരൂഹമാണെന്നും പിണറായി വിജയൻ ആരോപിച്ചു.

പിണറായിയുടെ വാദങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ഹിമാചലിന് പകരം സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായിയുടെ ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമെന്നും അദ്ദേഹം പ്രതികരിച്ചു.

ഓപണ്‍ ടെന്‍ഡര്‍ വഴി ആവശ്യമായ വൈദ്യുതി ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി, പവര്‍ കട്ട് ഒഴിവാക്കാന്‍ അവരുടെ മുന്നിലെ കരാറുകളില്‍ അടിയന്തര തീരുമാനം കൈക്കൊള്ളാനാണ് സര്‍ക്കാരിന് കെ.എസ്.ഇ.ബി ഫയലുകള്‍ സമര്‍പ്പിച്ചത്.

പവര്‍ കട്ട് ഒഴിവാക്കാന്‍ ഏതാണ് അഭികാമ്യമെന്ന ചോദ്യമാണ് തന്‍റെ മുന്നില്‍വെച്ചത്. ആ ഫയലിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വാർത്തകുറിപ്പിൽ പറഞ്ഞു.

ഹിമാചൽ വൈദ്യുതിയുടെ നിരക്ക് 14.50 രൂപയിൽനിന്ന് 12.50 ആയി കുറച്ചിട്ടില്ല. ഒക്ടോബർ 29ന് കെ.എസ്.ഇ.ബി ചെയർമാൻ നൽകിയ കത്തിൽ 12.30 ഹിമാചൽ ഉറപ്പ് നൽകിയില്ലെന്ന് വ്യക്തമാണ്. പി.ടി.സി എന്ന ഇടനിലക്കാർ വഴിയാണ് ഹിമാൽ വൈദ്യുതിയെന്നും മാർജിൻ കൂടി ഉൾപ്പെടുത്തിയാണ് നിരക്കെന്നും പ്രതിപക്ഷ നേതാവിന് അറിയാത്തതോ മറച്ചുവെച്ചതോ?. ലഭ്യമായ രേഖകൾ പ്രകാരം ഒക്ടോബർ 17നുതന്നെ രാജസ്ഥാന് 15.50 നിരക്കിൽ വൈദ്യുതി നൽകാൻ ഹിമാചൽ കരാർ അംഗീകരിച്ചു. അത് 12.50ന് കെ.എസ്.ഇ.ബിക്ക് നൽകാമെന്ന് ആർക്കാണ് അവരുടെ ഉറപ്പ് ലഭിച്ചത്? ഹിമാചല്‍ കെ.എസ്.ഇ.ബിക്ക് ഒറ്റ നിരക്ക് മാത്രമേ നല്‍കിട്ടുള്ളൂ.

ജി.എന്‍.എ ഉൽപാദന കമ്പനിയല്ലെന്ന് പറയുന്ന പിണറായി വിജയന്‍റെ കാലത്ത് അതേ സ്ഥാപനംവഴി പലതവണ വൈദ്യുതി വാങ്ങിയിട്ടുണ്ട്. ആവശ്യപ്പെട്ടാല്‍ കണക്ക് നല്‍കാം.

ഇപ്പോള്‍ ക്ഷാമമില്ലെന്നും കൃത്രിമമായുണ്ടാക്കിയെന്നുമുള്ള ആരോപണം ശരിയല്ല. ഒക്ടോബർ 29ന് കെ.എസ്.ഇ.ബി ചെയർമാൻ നൽകിയ കത്തിൽ പ്രതിസന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറില്‍ സംസ്ഥാനങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വാങ്ങിയാണ് പവര്‍ കട്ടിനെ മറികടന്നത്.

വിപണിയില്‍ കൂടുതല്‍ വൈദ്യുതി ലഭ്യമാണ്, പൊതുവിപണിയേക്കാള്‍ മൂന്നര രൂപ ജി.എന്‍.എ അധികം ഈടാക്കുന്നു തുടങ്ങിയ വാദങ്ങളും മുഖ്യമന്ത്രി തള്ളി. പൊതുവിപണിയില്‍ അഞ്ച് രൂപനിരക്കില്‍ വൈദ്യുതി ലഭ്യമായാല്‍ ജി.എന്‍.എക്ക് 3.50 അധികം നല്‍കേണ്ടിവരുമെന്ന് വാദിക്കുമ്പോൾ, ഹിമാചലിന് നല്‍കേണ്ടത് യൂനിറ്റിന് 9.50 രൂപയാണെന്ന് പ്രതിപക്ഷ നേതാവ് പറയാത്തത് ഇടനിലക്കാരന്‍ വഴി വന്ന ഹിമാചലിന്റെ നിർദേശം ന്യായീകരിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.