പൊലീസിന്റെ ലാത്തിയടി സാധാരണക്കാരന്റെ മക്കൾക്ക്, നേതാക്കളുടെ മക്കൾക്ക് വിദേശപഠനം; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്: റോജി എം. ജോൺ

തിരുവനന്തപുരം: സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ അനുവാദം നൽകിയ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വികസനവിരുദ്ധ ശാഠ്യങ്ങൾക്ക് മുമ്പിൽ കേരളത്തിന്റെ ഭാവി ബലികൊടുക്കാൻ സർക്കാർ തയ്യാറല്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഈ പുരോഗമനപരമായ തീരുമാനത്തെ എതിർക്കുന്ന സിപിഎമ്മിന്റേത് രാഷ്ട്രീയ കാപട്യവും ഇരട്ടത്താപ്പുമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
നമ്മുടെ മിടുക്കരായ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകുന്ന സാഹചര്യം ഒഴിവാക്കി സ്വന്തം നാട്ടിൽത്തന്നെ ലോകോത്തര പഠനാവസരം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. യു.ജി.സി മാനദണ്ഡപ്രകാരം സ്വയംഭരണ കോളജുകൾക്ക് കോഴ്സുകൾ തുടങ്ങാൻ സർവകലാശാലയുടെ അനുമതി മാത്രം മതിയാകും. സർക്കാരിന്റെ പ്രത്യേകം അനുമതിപത്രം (എൻ.ഒ.സി) നിർബന്ധമാക്കുന്നത് ആവശ്യമില്ലാത്ത കാലതാമസത്തിനും അഴിമതിക്കും വഴിവെക്കുമെന്നും പുതിയ പരിഷ്കാരം വഴി മെറിറ്റോ സംവരണ തത്വങ്ങളോ ഫീസ് മാനദണ്ഡങ്ങളോ അട്ടിമറിക്കപ്പെടില്ലായെന്നും റോജി എം. ജോൺ പറഞ്ഞു.
‘സ്വാശ്രയം അറബിക്കടലിൽ’ എന്ന് അലമുറയിട്ട് പാവപ്പെട്ട അണികളുടെ മക്കളെക്കൊണ്ട് തെരുവിൽ സമരം ചെയ്യിപ്പിക്കുകയും കൂത്തുപറമ്പ് വെടിവെപ്പിലും രജനി എസ്. ആനന്ദിന്റെ ആത്മഹത്യയെത്തുടർന്നുള്ള പോരാട്ടങ്ങളിലും ചെറുപ്പക്കാരെ ബലിയാടാക്കുകയും ചെയ്തതാണ് സിപിഎം ചരിത്രം. സാധാരണക്കാരന്റെ മക്കൾ തെരുവിൽ പൊലീസിന്റെ കണ്ണീർവാതകവും ലാത്തിയടിയും വാങ്ങിക്കൂട്ടിയപ്പോൾ, അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും ഉന്നത നേതാക്കളുടെയും മക്കൾ സ്വദേശത്തെയും വിദേശത്തെയും സ്വാശ്രയ-സ്വകാര്യ സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ മുടക്കി പഠിക്കുകയായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദേശ-സ്വകാര്യ മൂലധനത്തെ എതിർത്ത് മുൻ നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസനെ വഴിയിൽ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തവർ, പിന്നീട് അധികാരത്തിൽ വന്നപ്പോൾ സ്വകാര്യ സർവകലാശാലകൾക്ക് ചുവപ്പുപരവതാനി വിരിച്ചു. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ സ്വാശ്രയ മാനേജ്മെന്റുകൾക്ക് ഫീസ് കൂട്ടാൻ അവസരമൊരുക്കിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും (ഇപ്പോഴത്തെ ദേശീയ സെക്രട്ടറി) സ്വകാര്യ സർവകലാശാലാ ബില്ല് അവതരിപ്പിച്ച മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഈ വിഷയത്തിൽ മൗനം പാലിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണമെന്നും റോജി എം. ജോൺ വ്യക്തമാക്കി.
സ്വയംഭരണ പദവിയുള്ള എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങുന്നതിനും ബാച്ച് അനുമതി നൽകുന്നതിനും സർക്കാരിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ആവശ്യമില്ലെന്നും മൂന്നു വർഷത്തിലൊരിക്കൽ മാത്രം എൻ.ഒ.സി പുതുക്കിയാൽ മതിയെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം.
സമയം വൈകുന്നത് തടയാനും കാലാനുസൃതമായ കോഴ്സുകൾ വേഗത്തിൽ ആരംഭിക്കാനും ഇത് സഹായിക്കുമെന്നും സർവകലാശാലകളുടെ അക്കാദമിക് അനുമതി തുടർന്നും നിലനിൽക്കുന്നതോടൊപ്പം അക്കാദമിക് സ്വയംഭരണം ഉറപ്പാക്കാനും വിദ്യാർഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാനും അത്യന്താപേക്ഷിതമാണ് പദ്ധതി എന്നാണ് സർക്കാർ വാദം.
അതേസമയം സ്വകാര്യ-സ്വാശ്രയ മാനേജ്മെന്റുകൾക്ക് നിയന്ത്രണമില്ലാതെ പുതിയ കോഴ്സുകളും ഫീസും ഏർപ്പെടുത്താൻ ഇത് വഴിതുറക്കും എന്നും പ്രതിപക്ഷം വാദിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനും സ്വാശ്രയ കച്ചവടവൽക്കരണത്തിന് ആക്കം കൂട്ടാനും സർക്കാർ നിലാപാട് ഇടയാക്കുന്നതിനൊപ്പം സർക്കാരിന്റെ മേൽനോട്ടം ഒഴിവാക്കുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് ക്രമക്കേടുകൾക്ക് വഴിവെക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാൽ, നൂറുശതമാനവും നീതിയുക്തമായി, മെറിറ്റും സംവരണവും കാത്തുസൂക്ഷിച്ചുകൊണ്ട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.
