'പ്രസവ ശേഷം പഞ്ഞിവെച്ച് തുന്നിക്കെട്ടി'; സർക്കാർ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് പരാതി

തൃശൂർ: സർക്കാർ ആശുപത്രിയിൽ നിന്ന് പ്രസവത്തിന് ശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയതായി പരാതി. തൃശൂർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ തേടിയ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഫാത്തിമത്തുൽ ഷറഫിയയാണ് പരാതിക്കാരി. സംഭവത്തിന് ശേഷം ഡോക്ടർ അനുനയത്തിന് ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഫാത്തിമത്തുൽ ഷറഫിയയുടെ പ്രസവം. പ്രസവത്തിന് ശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് അതിനും ഡോക്ടർ ചികിത്സ നൽകിയിരുന്നു. ഡിസ്ചാർജായി വീട്ടിലെത്തിയ ശേഷം വേദനയും ദുർഗന്ധവും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ചികിത്സിച്ച ഡോ. ഡിറ്റോയെ വീണ്ടും സമീപിച്ചു. എങ്കിലും കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല.
വേദന കൂടിയതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ പരിശോധനയിൽ വജൈനയിൽ പഞ്ഞിയുള്ളതായി കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു. അന്ന് തന്നെ കുടുംബം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തി അധികൃതരെ കണ്ട് വിവരം ധരിപ്പിച്ചു. എന്നാൽ വിഷയം പുറത്തുപറയരുതെന്നും ഇതിനുള്ള പരിഹാരം കാണാമെന്നും പറഞ്ഞ് കുടുംബത്തെ വിട്ടയച്ചു. പിന്നീട് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ കുടുംബത്തിന്റെ ആരോപണം ഡോ. ഡിറ്റോ നിഷേധിച്ചു. പ്രൊസീജിയർ പാലിച്ചാണ് ചികിത്സ പൂർത്തിയാക്കിയതെന്നും കുടുംബം തന്നോട് പണം ആവശ്യപ്പെട്ടതായും ഡോ. ഡിറ്റോ സ്വകാര്യ ചാനലിനോട് പറഞ്ഞു.
കുടുംബം ആരോപിക്കുന്നത് പോലെ പഞ്ഞി വജൈനയിൽ നിൽക്കില്ലെന്നും അത് പ്രസവാനന്തരമുള്ള രക്തസ്രാവത്തോടൊപ്പം പുറംതള്ളപ്പെടുമെന്നുമാണ് ഡോ. ഡിറ്റോ പറയുന്നത്. അതേസമയം വിഷയം ഒത്തുതീർപ്പാക്കാം എന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതിനാൽ, മധ്യസ്ഥ ചർച്ചകളുടെ ഭാഗമായാണ് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് കുടുംബം പറഞ്ഞു. പ്രശ്നത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
