തൃശ്ശൂർ പൂരം കാണാൻ തിക്കിത്തിരക്കേണ്ട; പ്രത്യേക മെമു സർവീസ് അനുവധിച്ച് റെയിൽവേ
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും തിരക്ക് നിയന്ത്രിക്കുന്നതിനും ഏപ്രിൽ 26ന് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ. കേന്ദ്ര മന്ത്രി സുരേഷ് ഗോപി സ്പെഷൽ ട്രെയിൻ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിരുന്നു. നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയിൽവേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നതായി പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.
ഞായറാഴ്ച കൊല്ലം-തൃശ്ശൂർ മെമു സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. രാവിലെ 8.20ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.30 ഓടെ തൃശ്ശൂരിലെത്തും. തിരിച്ച് രാത്രി 9.30ന് പുറപ്പെട്ട് കൊല്ലത്ത് പുലർച്ചെ 2.30ന് എത്തിച്ചേരും. പറവൂർ, വർക്കല, കായംകുളം, തിരുവല്ല, തൃപ്പൂണിത്തറ, എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, ഒല്ലൂർ, തൃശ്ശൂർ എന്നിങ്ങനെ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുണ്ടായിരിക്കും.
