കലോത്സവത്തിലെ ആക്ഷൻ സോങ് വിവാദം: വരികൾ ന്യായീകരിക്കാനാകില്ലെന്ന് സ്കൂൾ മാനേജ്മെന്റ്, കർശന നടപടി ഉറപ്പ് നൽകി

പെരുമ്പാവൂർ: സി.ബി.എസ്.ഇ പെരുമ്പാവൂർ സഹോദയ കലോത്സവത്തിൽ യു.കെ.ജി വിദ്യാര്ഥികളുടെ ആക്ഷന് സോങ് മത്സരത്തിലെ വിവാദം ഒത്തുതീർപ്പിൽ എത്തി.
ബെന്നി ബെഹനാൻ എം.പി, മനോജ് മൂത്തേടൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ കുന്നത്തുനാട് താലൂക്ക് മുസ്ലിം ജമാഅത്ത് കൗൺസിൽ, വെങ്ങോല പഞ്ചായത്ത് മഹല്ല് കോൺഫെഡറേഷൻ, വാഴക്കുളം മഹല്ല് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും സ്കൂൾ മാനേജ്മെന്റും തമ്മിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തി വിഷയം പരിഹരിച്ചു.
അല്ലപ്ര തുരുത്തിപ്ലി സെന്റ് മേരീസ് സ്കൂളിലെ യു.കെ.ജി വിദ്യാർഥികൾ ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിൽ നടത്തിയ ആക്ഷൻ സോങ്ങാണ് വിവാദമായത്.
കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ്ങിലെ വരികൾ മുസ്ലിം സമുദായത്തിന് വേദനിക്കുന്ന തരത്തിലായെന്നും ഇത് ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ലെന്നും സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.
ഇതുമൂലം മുസ്ലിം സമുദായത്തിനുണ്ടായ വേദനയിൽ സ്കൂൾ മാനേജ്മെന്റ് ഖേദം പ്രകടിപ്പിക്കുകയും, ഈ ഗാനത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
നമ്മുടെ നാട്ടിലെ സാമുദായിക ഐക്യം തകരാൻ ഈ വിഷയം കാരണമാകരുതെന്നും കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന മത സൗഹാർദം കാത്ത് സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും അവർ അഭ്യർഥിച്ചു. ഇതേത്തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമായതായി ചർച്ചയിൽ പങ്കെടുത്ത മതസംഘടനാ നേതാക്കൾ അറിയിച്ചു.
വിവിധ സംഘടനകളുടെ പ്രതിനിധികളായ ടി.എം സക്കീർ ഹുസൈൻ, ഹംസ ഹാജി, വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, കെ.എം.എസ്. മുഹമ്മദ്, സി.വൈ. മീരാൻ, സി.എം. അസ്ക്കർ, തൂപ്പ്ളി സുബൈർ, അഷറഫ് സി.എം, കമാൽ റഷാദി, കെ.എ. നൗഷാദ് മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
