വീണ ജോർജും അബിൻ വർക്കിയും നേർക്കുനേർ; കോഴഞ്ചേരി പാലം വിവാദത്തിൽ പോര് മുറുകുന്നു

പത്തനംതിട്ട: ജില്ലയിലെ കോഴഞ്ചേരിയിൽ നിർമിച്ച പുതിയ പാലത്തിന്റെ, നാളെ നടക്കുന്ന ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വീണ ജോർജും നിലവിലെ ആറന്മുള എം.എൽ.എ അബിൻ വർക്കിയും തമ്മിൽ തുടങ്ങിയ വാക്പോര് മുറുകുന്നു.
പാലം അനുവദിച്ചതും ഫണ്ട് ലഭ്യമാക്കിയതും എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണെന്ന് സർക്കാർ ഉത്തരവുകളും തീയതികളും സഹിതം വിശദീകരിച്ച് വീണ ജോർജ് രംഗത്തെത്തിയപ്പോൾ, തന്റെ കാലത്താണ് പാലത്തിന്റെ അവസാനഘട്ട നിർമാണവും അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കിയതെന്നാണ് അബിൻ വർക്കിയുടെ മറുപടി.
പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അബിൻ വർക്കി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയാണെന്നും വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
താൻ ആറന്മുള എം.എൽ.എയായിരുന്ന 2016ൽ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ ആദ്യ ബജറ്റിൽ പാലം പ്രഖ്യാപിച്ചതെന്ന് വീണ വ്യക്തമാക്കി.
2016 ഒക്ടോബർ 31ന് 22.02 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2017 ആഗസ്റ്റ് 21ന് 19.77 കോടി രൂപയുടെ സാമ്പത്തിക അനുമതിയും ലഭ്യമാക്കി. 2018ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നിർമാണോദ്ഘാടനം നിർവഹിച്ചതെന്നും വീണ കുറിച്ചു. പാലം അനുവദിച്ചതും പണം ലഭ്യമാക്കിയതും യു.ഡി.എഫ് ആണെന്ന പ്രചാരണം തെറ്റാണെന്നും അവർ ആരോപിച്ചു.
എന്നാൽ, പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2018ലാണെങ്കിലും താൻ എം.എൽ.എയായ ശേഷമാണ് അവസാനഘട്ട പ്രവൃത്തികൾ പൂർത്തിയായതെന്നാണ് അബിൻ വർക്കിയുടെ വാദം. പാലത്തിന്റെ അവസാനവട്ട നിർമാണം, അപ്രോച്ച് റോഡുകളുടെ പൂർത്തീകരണം, ഇരുവശത്തെയും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ എന്നിവ തന്റെ ഇടപെടലിലൂടെയാണ് പൂർത്തിയായതെന്നാണ് അദ്ദേഹത്തിന്റെ വാദം.
കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാർച്ചിൽ നടത്തിയിരുന്നെങ്കിലും സൈക്കിളിന് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു പിന്നീട് ഉണ്ടായിരുന്നതെന്ന് അബിൻ ചൂണ്ടിക്കാട്ടി.
എം.എൽ.എയായ ശേഷം ജൂൺ ആദ്യം ജനപ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും കൂട്ടി പാലം സന്ദർശിച്ചപ്പോൾ റോഡിന്റെയും ഡ്രൈനേജിന്റെയും അവസ്ഥ മോശമായിരുന്നുവെന്നും ഒരു വശത്തെ സ്ഥലമേറ്റെടുപ്പ് പരാതിയെ തുടർന്ന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ അവലോകന യോഗങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് മാരാമൺ കൺവെൻഷന് മുമ്പെന്നതിലുപരി ശബരിമല സീസണിന് മുമ്പ് പാലം പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അബിൻ അവകാശപ്പെട്ടു.
പാലത്തിന്റെ പണികൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പൂർത്തിയാക്കി വൈറ്റ് വാഷിങ് ജോലികൾ ആരംഭിച്ചിരുന്നുവെന്നാണ് ഇതിന് വീണയുടെ മറുപടി.
തെറ്റായ പ്രചാരണം നടത്തുന്ന അബിൻ വർക്കി മനഃസാക്ഷിയുണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, പാലത്തിന്റെ ഉദ്ഘാടനം വിവാദമാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും നാടിന്റെ ഉത്സവമായി എല്ലാവരും ഒരുമിച്ചുള്ള ഉദ്ഘാടനമാണ് വിഭാവനം ചെയ്തിരുന്നതെന്നും അബിൻ വർക്കി പറഞ്ഞു.
പാലത്തിന്റെ ഉദ്ഘാടനത്തിന് മുൻ മന്ത്രിയായ വീണ ജോർജിനെ പലതവണ ക്ഷണിച്ചിട്ടും അവർ ഫോൺ എടുത്തില്ലെന്നും അബിൻ നേരത്തേ ആരോപിച്ചിരുന്നു. പത്തനംതിട്ടയിലെ മറ്റു പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിർമാണവുമായി ബന്ധപ്പെട്ട വിശദമായ രേഖകൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലേക്ക് എല്ലാവരെയും അബിൻ വർക്കി ക്ഷണിച്ചിട്ടുണ്ട്.
