പ്രമേഹ പരിചരണം വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമോ? കുടുംബങ്ങൾക്കും സമൂഹത്തിനും സർക്കാരിനും എന്ത് ചെയ്യാൻ പറ്റും?

*ഡോ. സബീർ ടി.കെ(ഡയാകെയർ ഡയബറ്റിസ് സെന്റർ, കണ്ണൂർ)

ആഗോളതലത്തിൽ ദീർഘകാല സങ്കീർണ്ണതകളുള്ള ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രമേഹരോഗം. ദശലക്ഷക്കണക്കിനു ആളുകൾ ദിവസവും ഇതിനൊപ്പം ജീവിക്കുന്നു. വൈദ്യചികിത്സ അത്യാവശ്യമാണെങ്കിലും, പരിചരണം കുടുംബത്തിൽ നിന്നും, സമൂഹത്തിൽ നിന്നും, ശക്തമായ സർക്കാർ നടപടികളിൽ നിന്നുമുള്ള പിന്തുണയെ ആശ്രയിച്ചിരിക്കും. ഈ മൂന്നു തലങ്ങളും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ പ്രമേഹരോഗമുള്ളവർക്ക് ഈ അവസ്ഥയെ കൈകാര്യം ചെയ്യാനും, സങ്കീർണ്ണതകൾ ഒഴിവാക്കാനും, ആരോഗ്യപൂർണമായ ജീവിതം നയിക്കാനും സാധിക്കുന്നു.

കുടുംബതലം

പ്രമേഹരോഗ പരിചരണത്തിൽ കുടുംബങ്ങൾക്കുള്ള പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നതും, ശക്തവുമാണ്. ദിവസേനയുള്ള മരുന്നുകൾ കഴിക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കൽ, ശരിയായ ഭക്ഷണം കഴിക്കൽ, സജീവമായിരിക്കൽ എന്നിവ വീട്ടിൽ തന്നെ നടക്കുന്ന കാര്യങ്ങളാണ്. പ്രായോഗികമായി ഇതിനെയെല്ലാം പിന്തുണയ്ക്കുന്ന കുടുംബങ്ങൾ രോഗിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. കുടുംബാംഗങ്ങൾക്ക് ഭക്ഷണ ആസൂത്രണത്തിലും, പാചകത്തിലും പങ്കുചേരാം. ആരോഗ്യകരമായ ഭക്ഷണം എന്നത്, ഒരു പ്രത്യേക “ഭക്ഷണക്രമം” എന്നതിലുപരി വീട്ടിൽ എല്ലാവർക്കും കഴിക്കേണ്ടുന്ന ആഹാരക്രമമായി മാറ്റുക എന്നതാണ്. ഇനി അഥവാ പ്രമേഹരോഗിക്ക് കഴിക്കാൻ പാടില്ലാത്ത ഭക്ഷണം മറ്റുള്ളവർ കഴിക്കുകയാണെങ്കിൽ രോഗികളെ അത് കഴിക്കാൻ പ്രേരിപ്പിക്കുകയോ, നിർബന്ധിക്കുകയോ അരുത്. അത് സ്നേഹത്തിന്റെയോ അനുകമ്പയുടെയോ പേരിലാണെങ്കിൽ പോലും. അവരോടൊപ്പം ഒരുമിച്ചു കഴിക്കാനോ, വ്യായാമം ചെയ്യാനോ, മരുന്നുകളെക്കുറിച്ച് ഓർമ്മിപ്പിക്കുവാനോ, എടുത്തു കൊടുക്കുവാനോ, ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാനോ ഒക്കെ കുടുംബത്തിലുള്ള ആളുകൾ നിസ്വാർത്ഥം തയ്യാറാവണം. പ്രമേഹത്തെക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകൾ പഠിക്കുന്നത് രോഗി എന്താണ് നേരിടുന്നതെന്ന് മുഴുവൻ വീട്ടുകാർക്കും മനസ്സിലാക്കാൻ സഹായിക്കും. പ്രമേഹത്തോടൊപ്പം ജീവിക്കുന്നവർ സമ്മർദ്ദമോ, ഏകാന്തതയോ അനുഭവിക്കുന്നുണ്ടാകാം. വൈകാരിക പിന്തുണയും പ്രധാനമാണ്. പ്രോത്സാഹനം, ക്ഷമ, തുറന്ന സംഭാഷണം എന്നിവ ഉത്കണ്ഠ കുറക്കുകയും വ്യക്തിയെ ആരോഗ്യകരമായ ശീലങ്ങളിൽ ഉറച്ചു നില്ക്കാൻ സഹായിക്കുകയും ചെയ്യും. കുടുംബങ്ങൾ പ്രമേഹത്തെ ഒരു വ്യക്തിഗത ഭാരമായി കണക്കാക്കുന്നതിനു പകരം ഒരു പൊതു ആശങ്കയായി കണക്കാക്കുമ്പോൾ ഫലങ്ങൾ തീർച്ചയായും മെച്ചപ്പെടും. ദീർഘകാല പിന്തുണ ശക്തിപ്പെടുത്തുന്നതിനാൽ വിദ്യാഭ്യാസ സെഷനുകളിൽ കുടുംബാംഗങ്ങൾ തീർച്ചയായും പങ്കെടുക്കണം.

സമൂഹതലം

രോഗികൾക്ക് വീടകങ്ങൾക്കപ്പുറം, വിശാലമായ സമൂഹം ദൈനംദിന ജീവിതത്തെയും മനോഭാവങ്ങളെയും രൂപപ്പെടുത്തുന്നു. പ്രമേഹരോഗ ബോധവൽക്കരണ കാമ്പയിനുകൾ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാനും അനാവശ്യ ആകുലതകൾ കുറക്കാനും സഹായിക്കും. അയൽക്കാർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർ രോഗാവസ്ഥ മനസ്സിലാക്കുമ്പോൾ രോഗിക്ക് ഏകാന്തത കുറയുകയും, സഹായം തേടാൻ സന്നദ്ധത അനുഭവപ്പെടുകയും ചെയ്യും. രോഗികളുടെ കൂട്ടായ്മകളും, ഗ്രൂപ്പുകളും, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരുടെ പിന്തുണയും ഒരുപാടു മാറ്റങ്ങൾ രോഗികളിൽ സ്വാധീനം ചെലുത്തും. ആരോഗ്യപ്രവർത്തകർക്ക് ആളുകളെ സ്ക്രീൻ ചെയ്യാനും, ലളിതമായ ഉപദേശങ്ങൾ നൽകാനും കഴിയും. തൊഴിലിടങ്ങളിൽ ക്ഷേമ പരിപാടികൾ പ്രോത്സാഹിപ്പിക്കപ്പെടണം. പ്രഭാത നടത്തത്തിന്റെയും, വ്യായാമത്തിന്റെയും, പോലുള്ള കൂട്ടായ്മകളും ആരോഗ്യകരമായ ജീവിതശൈലി എളുപ്പമാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ ഫ്രഷായിട്ടുള്ള ഭക്ഷണത്തിന്റെ ലഭ്യതയും, വ്യായാമത്തിനുള്ള സൗകര്യങ്ങളും തീർച്ചയായും ജീവിതശൈലീ രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കും. വ്യക്തിപരമായ ബലഹീനത മൂലമല്ല പ്രമേഹം ഉണ്ടാകുന്നത്. സമൂഹങ്ങൾ അതിനെ കുറിച്ച് തുറന്ന കാഴ്ചപ്പാടോടെ സംസാരിക്കുമ്പോൾ ആളുകൾ നേരത്തെ തന്നെ പരിശോധനയ്ക്ക് വിധേയമാകാനും, ചികിത്സ തുടരുന്നതിൽ താൽപര്യം കാണിക്കാനും സാധ്യത കൂടുതലാണ്.

സർക്കാർ തലം

എല്ലാവർക്കും മികച്ച പരിചരണം ലഭിക്കാനുള്ള നിയമങ്ങളും സാഹചര്യങ്ങളും ഗവൺമെന്റുകൾ സ്ഥാപിക്കണം. ശക്തമായ പൊതുനയങ്ങൾ രോഗ പ്രതിരോധത്തിലും, നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാവണം. ആരോഗ്യകരമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുക, മികച്ച ഭക്ഷണ ലേബലിങ് സംവിധാനം ഉറപ്പ് വരുത്തുക, പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുക, കായികാധ്വാനം പ്രോത്സാഹിപ്പിക്കുക, പ്രമേഹത്തെ നേരത്തെ കണ്ടുപിടിക്കാനുള്ള വലിയ തോതിലുള്ള സ്‌ക്രീനിംഗ് പരിപാടികൾ നടത്തുക, എന്നിങ്ങനെയുള്ള പ്രതിരോധ നടപടികളിൽ ശ്രദ്ധയൂന്നണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജീവനക്കാർക്ക് മതിയായ പരിശീലനം ഉറപ്പാക്കുക, അടിസ്ഥാന മരുന്നുകൾ, രക്തത്തിലെ പരിശോധനകളും, സങ്കീർണ്ണതകളെ കണ്ടുപിടിക്കാനുള്ള പരിശോധന സൗകര്യങ്ങളും ലഭ്യമാക്കുകയും, അതോടൊപ്പം ഇൻസുലിൻ, നിരീക്ഷണ ഉപകരണങ്ങൾ എന്നിവ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാനുള്ള മുൻഗണന നൽകുകയും ചെയ്യണം. വിശ്വസനീയമായ ഡാറ്റ സൂക്ഷിക്കുകയും അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കലും അനിവാര്യമാണ്. എങ്കിൽ മാത്രമേ നടപടികൾ ഉദ്ദേശിച്ച വിജയലക്ഷ്യം കൈവരിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനാവൂ. ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം, നഗരാസൂത്രണം എന്നിവയെ ഏകോപിപ്പിക്കുന്ന ദേശീയ പദ്ധതികൾ ശാശ്വതമായ മാറ്റം സൃഷ്ടിക്കും. ഭക്ഷ്യ അരക്ഷിതാവസ്ഥ, ദാരിദ്ര്യം തുടങ്ങിയ വിശാലമായ പ്രശ്നങ്ങൾ പരിഹരിക്കുന്നത് പ്രമേഹ സാധ്യതകളും ആഘാതവും കുറക്കുന്നു.

പ്രമേഹം വ്യക്തികൾക്ക് മാത്രം സ്വയം നിയന്ത്രിക്കാൻ കഴിയില്ല. കുടുംബങ്ങൾ പ്രായോഗികവും വൈകാരികവുമായ സഹായം നൽകുമ്പോൾ, സമൂഹങ്ങൾ വിമുഖതയില്ലാതെ പിന്തുണയ്ക്കുമ്പോൾ, സർക്കാരുകൾ ന്യായമായ സൗകര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും ഉറപ്പുവരുത്തുമ്പോൾ, രോഗഭാരം ഗണ്യമായി കുറക്കാൻ കഴിയും. എല്ലാ തലത്തിലുമുള്ള ചെറുതും സ്ഥിരവുമായ നടപടികൾ ദശലക്ഷക്കണക്കിനു ആളുകളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കും.