മന്ത്രിയെത്തിയപ്പോൾ ആളില്ല; ആലപ്പുഴ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ അപ്രതീക്ഷിത സന്ദർശനത്തിനിടെ ജീവനക്കാർ ഇല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെ അഞ്ചുപേർക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിലുണ്ടാകേണ്ട ജീവനക്കാരെ റിസപ്ഷനിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹാജർ രേഖപ്പെടുത്തുന്നതിലടക്കം വീഴ്ചകൾ കണ്ടെത്തിയത്. മന്ത്രിയുടെ നിർദേശപ്രകാരം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റെസ്റ്റ് ഹൗസ് മാനേജർ വി.വി. വിപിനൻ, എസ്.എൽ.ആർ വർക്കർ കെ. കമർ, കുക്ക് എം.ആർ. രാമാനുജൻ, മേട്ടി ശ്രീകല നന്ദനൻ, ബട്‌ലർ ബിനു സെബാസ്റ്റ്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ ബീച്ചിന് സമീപമുള്ള റെസ്റ്റ് ഹൗസിൽ മന്ത്രി എത്തിയത്. ഈ സമയം റിസപ്ഷനിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. തുടർന്ന് ജീവനക്കാരുടെ ഹാജർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകുകയായിരുന്നു.

പരിശോധനയിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചുപേരിൽ രണ്ടുപേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയതെന്ന് കണ്ടെത്തി. കെ. കമർ, എം.ആർ. രാമാനുജൻ എന്നിവരാണ് ഹാജർപട്ടികയിൽ ഒപ്പിട്ടിരുന്നത്. മാനേജർ വിപിനൻ, ശ്രീകല നന്ദനൻ, ബിനു സെബാസ്റ്റ്യൻ എന്നിവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ല.

എന്നാൽ, മന്ത്രി എത്തിയ സമയത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നുവെന്നാണ് മാനേജർ നൽകിയ വിശദീകരണം. കമറും ബിനുവും ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നെന്നും വിപിനനും ശ്രീകലയും രാമാനുജനും റെസ്റ്റ് ഹൗസിലെ മുറിയിൽ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നുമാണ് അറിയിച്ചത്.

ഈ വിശദീകരണം പരിഗണിച്ചെങ്കിലും ജീവനക്കാരുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഡ്യൂട്ടിയിലുള്ളവർ ഹാജർ രേഖപ്പെടുത്താതിരുന്നതും ഹാജർ രേഖപ്പെടുത്തിയവർ ജോലിസ്ഥലത്തുനിന്ന് മാറിനിന്നതും വീഴ്ചയാണെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെക്കുറിച്ച് ചീഫ് എൻജിനീയറും എക്സിക്യൂട്ടീവ് എൻജിനീയറും റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറും റെസ്റ്റ് ഹൗസിൽ നേരിട്ടെത്തി പരിശോധന നടത്തി. ഈ റിപ്പോർട്ടുകളും പരിശോധനയിലെ കണ്ടെത്തലുകളും പരിഗണിച്ചാണ് അഞ്ചുപേർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തത്.