സ്റ്റേ കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ 14 വയസ്സുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.

തിരൂരങ്ങാടി സ്വദേശി ഷിഹാബുദ്ദീന്‍റെ മകൻ ജുനൈദാണ് മരിച്ചത്. സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി കിടക്കുന്നതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

ജുനൈദിന്റെ മരണത്തിനിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ എന്തെങ്കിലും പരാതികൾ ലഭിച്ചിരുന്നോയെന്നും ലഭിച്ച പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. മരിച്ച ജുനൈദിന്റെ കുടുംബത്തിന് കെഎസ്ഇബി ബോർഡിന്റെ ഭാഗത്തുനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

വീടിന് സമീപത്തെ വയലിലെ സ്റ്റേ കമ്പിയിൽനിന്നാണ് ഷോക്കേറ്റത്. കുട്ടിയുടെ മരണത്തിന് കാരണം കെ.എസ്.ഇ.ബിയുടെ ഗുരുതരമായ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയുടെ ഒരു ഭാഗം അലൈന്‍മെന്റ് തെറ്റി ഹൈവോള്‍ട്ടേജ് ലൈനില്‍ തൊട്ടുനില്‍ക്കുന്ന നിലയിലായിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.