‘കേരളത്തിൽ നീതി കിട്ടില്ലായിരുന്നു’; സാവരിയ കൊലപാതകക്കേസിലെ ഉസ്ബെകിസ്ഥാൻ കോടതി വിധിയിൽ പിതാവ് ബസന്ത്

ആലപ്പുഴ: മലയാളി വിദ്യാർഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ശിക്ഷിച്ച ഉസ്ബെകിസ്ഥാൻ കോടതിവിധി സ്വാഗതാർഹമെന്നും കേരളത്തിലാണെങ്കിൽ നീതി കിട്ടില്ലായിരുന്നുവെന്നും പിതാവ് ബസന്ത്.
മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട കേസിൽ സഹപാഠിയും മലപ്പുറം പുലാമന്തോൾ സ്വദേശിയുമായ സദറുൽ അനാമിനെ (22) ഉസ്ബെകിസ്ഥാൻ കോടതി എട്ടര വർഷം തടവുശിക്ഷക്ക് വിധിച്ചതായാണ് റിപ്പോർട്ട്.
സാവരിയയുടെ കുടുംബം ഏർപ്പെടുത്തിയ അഭിഭാഷകൻ ഉസ്ബെകിസ്ഥാനിൽനിന്ന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയായിരുന്നു ബസന്ത്.
‘കേരളത്തിലായിരുന്നുവെങ്കിൽ പ്രതി രക്ഷപ്പെടുമായിരുന്നു. കേരള പൊലീസിൽ വിശ്വാസമില്ല. മിനി കൂപ്പർ അപകടത്തിൽ മുന്നുപേരെ കൊന്നയാൾ പോലും ജാമ്യത്തിലിറങ്ങുന്ന സ്ഥിതിയാണ്.
ഈ കേസ് കേരളത്തിൽ അന്വേഷിച്ചെങ്കിൽ ശിക്ഷ കിട്ടില്ലായിരുന്നു. അവിടെ വിധിച്ച ശിക്ഷയിൽ ഇളവുണ്ടാകില്ല. അതാണ് നല്ലത്’ -അദ്ദേഹം പറഞ്ഞു.
2026 ജൂലൈയിൽ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ബസന്ത് -മിനി സുപ്രഭ ദമ്പതികളുടെ മകളായ സാവരിയ ഉസ്ബെകിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ മെഡിസിൻ വിദ്യാർഥിനിയായിരുന്നു.
സഹപാഠി സദറുൽ അനാം ലാപ്ടോപ് ഉപയോഗിച്ച് സാവരിയയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരും തമ്മിൽ ഹോസ്റ്റലിൽ വെച്ച് തർക്കമുണ്ടായത് കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് ഉസ്ബെകിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ട്.
ജൂലൈ മൂന്നിനാണ് സാവരിയ ഉസ്ബെകിസ്ഥാനിൽ കൊല്ലപ്പെട്ടത്. ണ്ടാം തീയതിയാണ് സാവരിയയെ അവസാനമായി ഫോണിൽ വിളിച്ചത്. അതിനുശേഷം വാട്സ് ആപ്പിൽ അയച്ച മെസേജുകൾ ഡെലിവർ ആയിട്ടുണ്ടെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല.
സംഭവം നടന്ന് നാല് മാസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിക്കാൻ ഉസ്ബെകിസ്ഥാൻ കോടതിക്ക് സാധിച്ചു.
