‘ഞാനും ടിവി രാജേഷും ആക്രമിക്കപ്പെട്ടത് യാഥാർഥ്യം, മാധ്യമങ്ങൾ പറയുന്ന പോലെയല്ല’; ഷുക്കൂർ വധക്കേസ് വിധിക്കു പിന്നാലെ പി ജയരാജൻ

കണ്ണൂർ: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വിധിക്കു പിന്നാലെ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ.

കേസുമായി ബന്ധപ്പെട്ട വാർത്തകളിൽ താനും ടി.വി. രാജേഷും ‘ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം’ എന്ന് വിശേഷിപ്പിക്കുന്നത് അധമ മാധ്യമപ്രവർത്തനമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുസ്‍ലിം ലീഗിന്റെ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ തങ്ങളാണ് അന്ന് ക്രൂരമായി ആക്രമിക്കപ്പെട്ടതെന്നും പരിക്കേറ്റ തങ്ങളെ ആശുപത്രിയിലെത്തിച്ചത് പൊലീസാണെന്നും ജയരാജൻ വ്യക്തമാക്കി.

കേസിൽ വിധി വന്നതിനു പിന്നാലെ പ്രമുഖ പത്രങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയ വാർത്തകളിലാണ് തങ്ങൾ ആക്രമിക്കപ്പെട്ട സംഭവത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശങ്ങളുള്ളത്. ഇത്തരം കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമസമീപനങ്ങൾ പരിശോധിക്കപ്പെടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച ഒരു കാര്യം കൂടി ഈ സാഹചര്യത്തിൽ പറയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാധ്യമങ്ങളുടെ ഇത്തരം സമീപനങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ ഒരു മുൻ വിധികർത്താവ് ‘സ്വയം പ്രഖ്യാപിത നാടുവാഴി’ എന്ന് വിശേഷിപ്പിച്ചതെന്നും വിമർശിച്ചു. അദ്ദേഹത്തെ പിടികൂടിയ മാർക്സിസ്റ്റ് വിരുദ്ധ ജ്വരത്തിന് ചികിത്സ നൽകണമെന്നും ജയരാജൻ പരിഹസിച്ചു.

തങ്ങളെയും ടി.വി. രാജേഷിനെയും കേസിൽ അക്രമികളായി ചിത്രീകരിക്കാനാണ് മുസ്‍ലിം ലീഗ് ഏറ്റവും കൂടുതൽ ശ്രമിച്ചതെന്നും ഇതിനായി നിരവധി സാക്ഷികളെ കോടതിയിൽ കള്ളമൊഴി നൽകാൻ തയ്യാറാക്കി നിർത്തിയിരുന്നുവെന്നും പോസ്റ്റിൽ ആരോപിക്കുന്നു. എന്നാൽ, ലീഗ് കൊണ്ടുവന്ന സാക്ഷികളിൽ ചിലർ കോടതിയിൽ കള്ളം പറയാൻ തയ്യാറായില്ലെന്നാണ് ജയരാജന്റെ വാദം.

ഇതിലൊരാൾ വിദേശത്തുനിന്ന് വിമാനമാർഗം കേരളത്തിലെത്തി കോടതി വളപ്പിൽ വരെ എത്തിയിരുന്നുവെന്നും എന്നാൽ തെറ്റായ മൊഴി നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ പ്രോസിക്യൂഷൻ ഇയാളെ വിസ്തരിക്കുന്നതിൽനിന്ന് പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.

മുസ്‍ലിം ലീഗ് പ്രവർത്തകരായ ചില സാക്ഷികൾ വ്യാജമൊഴി നൽകാൻ തയാറാകാതിരുന്നത് അവർ യഥാർഥ വിശ്വാസികളായതുകൊണ്ടാണെന്നും മനഃസാക്ഷിക്കെതിരായി കള്ളസാക്ഷി പറയാൻ വിശ്വാസികൾക്ക് കഴിയില്ലെന്നും ജയരാജൻ കുറിച്ചു.

കേസിൽ വിധി വന്ന സാഹചര്യത്തിൽ തുടർനിയമനടപടികൾ സ്വാഭാവികമായി മുന്നോട്ടുപോകുമെന്നും ജയരാജൻ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ കള്ളസാക്ഷികളെ സൃഷ്ടിക്കുന്ന പ്രവണതകളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കണമെന്നും കള്ളസാക്ഷി മൊഴികളും സത്യബോധമുള്ളവർ അതിൽനിന്ന് പിന്മാറുന്നതും കേസുകളുടെ ഗതിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.