എസ്പി കരുത്തിൽ റയൽ: സെൽറ്റ വിഗോക്കെതിരെ 2 1 ജയം, പോയിന്റ് പട്ടികയിൽ ബാഴ്‌സയ്‌ക്കൊപ്പം

മാഡ്രിഡ്: ലാലിഗയിൽ കാർലോസ് എസ്‌പിയുടെ മിന്നൽ ഗോളിൽ സെൽറ്റ വിഗോക്കെതിരെ 2-1ന്റെ ആവേശകരമായ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് കാർലോ ആഞ്ചലോട്ടിയും സംഘവും ജയിച്ചു കയറിയത്. ജൂഡ് ബെല്ലിങ്‌ഹാമിലൂടെ സമനില നേടിയ റയൽ പകരക്കാരനായി ഇറങ്ങിയ കാർലോസ് എസ്‌പിയിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

സൂപ്പർ താരം കിലിയൻ എംബാപ്പെ പെനാൽറ്റി പാഴാക്കിയെങ്കിലും ടീമിന് ഈ മൂന്ന് പോയിന്റുകൾ കിരീടപ്പോരാട്ടത്തിൽ വലിയ ആത്മവിശ്വാസമാണ്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്‌ക്കൊപ്പം എത്താനും റയലിന് സാധിച്ചു.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ആക്രമണാത്മകമായി കളിച്ച സെൽറ്റ വിഗോ, ആറാം മിനിറ്റിൽ പാബ്ലോ ഡുറാനിലൂടെ റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ആദ്യ ഗോൾ നേടി. തുടർന്ന് പ്രതിരോധം ശക്തമാക്കിയ സെൽറ്റ വിഗോ റയൽ മാഡ്രിഡിന്റെ ആക്രമണ നീക്കങ്ങളെല്ലാം നിഷ്പ്രഭമാക്കി.

ഇതിനിടെ 38-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഹാവി റോഡ്രിഗസ് എംബാപ്പെയെ ഫൗൾ ചെയ്തതിന് റയലിന് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത എംബാപ്പെക്ക് ആ അവസരം മുതലാക്കാനായില്ല. അതോടെ ആദ്യ പകുതി സെൽറ്റ വിഗോ 1-0ന് മുന്നിൽ എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കോച്ച് കാർലോ ആഞ്ചലോട്ടി നിർണ്ണായക മാറ്റങ്ങൾ വരുത്തി. വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവെർഡെ, മാർക്ക് കുക്കുറെല്ല എന്നിവർ കളത്തിലേക്ക് എത്തിയതോടെ റയലിന്റെ മുന്നേറ്റനിര കൂടുതൽ ശക്തമായി. 65-ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നുള്ള കൃത്യമായ ഷോട്ടിലൂടെ ജൂഡ് ബെല്ലിങ്ഹാം ലക്ഷ്യം കണ്ടതോടെ റയൽ സമനില പിടിച്ചു.

ആത്മവിശ്വാസം വീണ്ടെടുത്ത റയൽ വിജയഗോളിനായി കുതിച്ചതോടെ സെൽറ്റ വിഗോ പ്രതിരോധത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ എസ്‌പി, 84-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു. വിനീഷ്യസിന്റെ ക്രോസിൽ നിന്ന് എസ്പി ഹെഡ് ചെയ്‌തെങ്കിലും സെൽറ്റവിഗോ ഗോളി അയോനുട്ട് റാഡു തടുത്തെങ്കിലും റീബൗണ്ടിലൂടെ ലഭിച്ച പന്ത് താരം അനായാസം വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഇത് മൂന്നാം തവണയാണ് എസ്പി പകരക്കാരനായി ഇറങ്ങി വിജയഗോൾ നേടുന്നത്.

മത്സരത്തിന്റെ അവസാന ഘട്ടത്തിലെ ഇഞ്ചുറി ടൈമിൽ താരത്തിന് മഞ്ഞക്കാർഡും ലഭിച്ചു. ഒടുവിൽ ഫൈനൽ വിസിലെത്തിയതോടെ റയൽ 2-1ന് വിജയം സ്വന്തമാക്കി.