പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് തിരിച്ചടി; ചെൽസിയെ ഗോൾമഴയിൽ മുക്കി ലീഡ്സ്, ആഴ്‌സണലിന് സമനില

ലണ്ടൻ: അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് മത്സരങ്ങൾ വീണ്ടും സജീവമായതോടെ വമ്പൻമാർക്ക് നിരാശയോടെ തുടക്കം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസി ലീഡ്സ് യുണൈറ്റഡിനെതിരെ 4-1ന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങി. ന്യൂകാസിൽ യുണൈറ്റഡ് – ആഴ്‌സണൽ മത്സരം സമനിലയിൽ കലാശിച്ചു.

സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ തുടക്കം മുതലേ ഇരു ടീമുകളും ആക്രമണ ഫുട്ബോൾപുറത്തെടുത്തു. തുടർന്ന് മികച്ച മുന്നേറ്റത്തിനൊടുവിൽ ലഭിച്ച അവസരം കൃത്യമായി വലയിലെത്തിച്ച എബെറെച്ചി എസെ ആഴ്‌സനലിനെ മുന്നിലെത്തിച്ചു.

സ്വന്തം മൈതാനത്ത് വിജയം പ്രതീക്ഷിച്ചെത്തിയ ആരാധകർക്ക് ആവേശം പകർന്ന് 49-ാം മിനിറ്റിൽ ഹാർവി ബാർൺസ് സമനില ഗോൾ നേടി. തുടർന്ന് വീണ്ടും ആക്രമണം ശക്തമാക്കിയ ന്യൂകാസിൽ, 62-ാം മിനിറ്റിൽ മാലിക് തിയാവിലൂടെ ലീഡ് ഇരട്ടിയാക്കി.

എന്നാൽ തോൽവി സമ്മതിക്കാൻ തയാറല്ലാത്ത ആഴ്‌സണൽമത്സരത്തിന്റെ 78-ാം മിനിറ്റിൽ നോണി മഡ്യൂകെയിലൂടെ സമനില പിടിച്ചു. തുടർന്നുള്ള മിനിറ്റുകളിൽ ഇരു ടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഒരു ഗോളിന് പിന്നിലായെങ്കിലും തിരിച്ചടിച്ച് സമനില പിടിച്ച ആഴ്‌സണൽ, ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.

ചെൽസിക്ക് സ്വന്തം മൈതാനത്ത് വൻ തിരിച്ചടി; ലീഡ്സിന്റെ ഗോൾമഴ

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ കളിച്ചിട്ടും ചെൽസിക്ക് വിജയം കണ്ടെത്താനായില്ല. ലീഡ്സിനെതിരെ നേടിയ 4-1ന്റെ കനത്ത തോൽവിയോടെ കഴിഞ്ഞ നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ബ്ലൂസിന്റെ മൂന്നാം തോൽവിയാണിത്.

പരിക്കേറ്റ് പുറത്തായ ബ്രസീലിയൻ സ്ട്രൈക്കർ ജോവോ പെഡ്രോയുടെ പകരക്കാരനായി കളത്തിലെത്തിയ ഇമ്മാനുവൽ എമേഗ, 25-ാം മിനിറ്റിൽ ചെൽസിയെ മുന്നിലെത്തിച്ചു.

തുടക്കത്തിലേ വഴങ്ങിയ ഗോളിൽ ആത്മവിശ്വാസം കൈവിടാതെ കളിച്ച ലീഡ്സ് പിന്നീട് ശക്തമായി തിരിച്ചെത്തി. 28-ാം മിനിറ്റിൽ നോഹ ഒകാഫോറിലൂടെ സമനില ഗോൾ നേടി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡൊമിനിക് കാൽവർട്ട്-ലെവിൻ ലീഡ്‌സിനെ മുന്നിലെത്തിച്ചു.

ആദ്യ ഗോൾ വഴങ്ങിയ ശേഷമുള്ള ലീഡ്സിന്റെ തിരിച്ചുവരവാണ് മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

58-ാം മിനിറ്റിൽ സ്വിസ് മുന്നേറ്റതാരം നോഹ ഒകാഫോറിലൂടെ ലീഡ് മൂന്നായി ഉയർത്തിയ ലീഡ്സ്, ഇഞ്ചുറി ടൈമിൽ ബ്രെൻഡൻ ആരോൺസൺ നാലാം ഗോളും നേടിയതോടെ ചെൽസിയുടെ തിരിച്ചുവരവിന്റെ പ്രതീക്ഷകൾ പൂർണമായും അസ്തമിപ്പിച്ചു.

ഈ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് നേടിയ ലീഡ്സ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.