യാത്രക്കാരിക്ക് വയറുവേദന; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

ചങ്ങരംകുളം: യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ശനിയാഴ്ച വൈകീട്ട് ആറോടെ ചങ്ങരംകുളത്താണ് സംഭവം. ഗുരുവായൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ തലശ്ശേരി സ്വദേശിനിയായ സ്മിത എന്ന വീട്ടമ്മക്കാണ് യാത്രക്കിടെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ടത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ചങ്ങരംകുളത്ത് എത്തുന്നതിന് മുമ്പാണ് വേദന കൂടിയത്. ഇവരുടെ ബന്ധുക്കൾ വിവരം കണ്ടക്ടറെ അറിയിച്ചു.
കണ്ടക്ടർ ഡ്രൈവറെ അറിയിച്ചതോടെ ഡ്രൈവർ അതിവേഗം ബസ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. വീട്ടമ്മയെ ഉടനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. നേരത്തെ വൃക്കയിൽ കല്ല് ഉണ്ടായിരുന്ന സ്മിതക്ക് ഇതുമായി ബന്ധപ്പെട്ടാണ് അസഹ്യമായ വേദന അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സ്മിതക്ക് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ബസ് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.
