‘ഫേസ് ക്രീം: വൃക്ക മാറ്റിവെച്ച 23കാരൻ എന്റെ വിഡിയോ കണ്ട് വിളിച്ചു, ഒരേ ക്രീം പല പേരിൽ ലഭ്യം’; ഇരകൾ നിരവധിയെന്ന് സലീം കോടത്തൂർ

മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ആയിരക്കണക്കിന് പേരാണ് സമാന അനുഭവങ്ങളുമായി തനിക്ക് മേസേജ് അയക്കുന്നതെന്ന് ഗായകൻ സലീം കോടത്തൂർ. കിഡ്നി മാറ്റിവെച്ച 23 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അവൻ ഉപയോഗിച്ച ക്രീമിന്റെ ഫോട്ടോ അയച്ചു തന്നിരുന്നു. കിഡ്നി മാറ്റി വെച്ച ശേഷമാണ് ക്രീം ഉപയോഗിച്ചതിനാലാണ് ഇതെല്ലാം സംഭവിച്ചതെന്ന് ആ ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞതെന്നും സലീം കോടത്തൂർ പറഞ്ഞു.

മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 17കാരി പരാതിയുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് പത്തുവർഷം മുമ്പുണ്ടായ ദുരനുഭവം ഗായകൻ വെളിപ്പെടുത്തിയത്. സമാനമായ അനുഭവം നേരിടുന്നവർക്ക് പിന്തുണ നൽകുന്നതിനായി നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

‘ഏകദേശം പത്തുവർഷം മുമ്പാണ് നിറം വർധിപ്പിക്കുമെന്ന പ്രചാരണം വിശ്വസിച്ച് ഫെയർനെസ് ക്രീം ഉപയോഗിച്ചത്. രണ്ടുമാസത്തിനിടെ ഒന്നര ബോട്ടിലോളം ക്രീം ഉപയോഗിച്ചു. തുടക്കത്തിൽ കാലിൽ നീരുവന്നു. പിന്നീട് കണ്ണിന്റെ പോളകളിലും നീര് പ്രത്യക്ഷപ്പെട്ടു. മൂത്രത്തിൽ അണുബാധയുണ്ടായതോടെ ചികിത്സ തേടിയെങ്കിലും മരുന്നുകൾ ഫലിച്ചില്ല. തുടർന്ന് നടത്തിയ മൂത്രപരിശോധനയിലാണ് ആൽബുമിൻ മൂത്രത്തിലൂടെ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്.

നാലുമാസത്തെ ചികിത്സയ്ക്കുശേഷവും ആരോഗ്യനില മെച്ചപ്പെട്ടില്ല. മൂത്രപരിശോധനയിൽ ആൽബുമിന്റെ അളവ് ഉയർന്നതായി കണ്ടെത്തി. രോഗം പൂർണമായി മാറാൻ വർഷങ്ങളെടുത്തേക്കാമെന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചത്. എന്നാൽ, എട്ടുമാസത്തെ സ്റ്റിറോയിഡ് ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുക്കാനായി. അതേസമയം, ഉറക്കമില്ലായ്മ ഉൾപ്പെടെയുള്ള ചില ബുദ്ധിമുട്ടുകൾ ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.

ക്രീം ഉപയോഗിച്ചിരുന്ന കാലത്ത് തുടർച്ചയായി 13 ദിവസത്തോളം ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ആരോഗ്യപ്രശ്നങ്ങൾ കാരണം ഒരു വർഷത്തോളം നിരവധി സംഗീതപരിപാടികൾ ഒഴിവാക്കേണ്ടിവന്നു. ശാരീരികമായും മാനസികമായും സാമ്പത്തികമായും വലിയ തകർച്ചയാണ് ആ കാലയളവിൽ നേരിട്ടത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചികിത്സ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത്.

അസുഖം ഭേദമായെങ്കിലും ആരോഗ്യകാര്യങ്ങളിൽ ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണമുണ്ട്. മറ്റു അസുഖങ്ങൾക്ക് ചികിത്സ തേടുമ്പോൾ പഴയ ബയോപ്സി റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ഡോക്ടർമാർ മരുന്നുകൾ നിർദേശിക്കാറുള്ളത്.

തനിക്കൊപ്പം നാല് സുഹൃത്തുക്കളും ഇതേ ക്രീം ഉപയോഗിച്ചിരുന്നു. ഇവരിൽ ഒരാൾക്ക് ആറുമാസത്തിനുശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്നാണ് ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നിൽ ക്രീമിന്റെ ഉപയോഗമായിരിക്കാമെന്ന് തിരിച്ചറിഞ്ഞത്. സുഹൃത്തുക്കളുടെ രോഗം തുടക്കത്തിൽ കണ്ടെത്തിയതിനാൽ അവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിഞ്ഞു. ചിലരിൽ വർഷങ്ങൾക്കുശേഷം മാത്രമാണ് ആരോഗ്യപ്രശ്നങ്ങൾ പ്രകടമാകുന്നത്.

സമാനമായ ക്രീമുകൾ വ്യത്യസ്ത പേരുകളിൽ വിപണിയിൽ ലഭ്യമാകുന്നുണ്ട്. ഫാൻസി ഷോപ്പുകളിലും ജെന്റ്സ് കെയർ സ്ഥാപനങ്ങളിലും ഓൺലൈനിലുമെല്ലാം ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. ചിലർ ബൾക്കായി ക്രീം വാങ്ങി പാക്കിങ് മാറ്റി സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. വിദേശത്തുനിന്ന് സമ്മാനമായി കൊണ്ടുവരുന്ന പാക്കറ്റുകളിലും ഇത്തരം ക്രീമുകൾ ഉണ്ടാകാറുണ്ട്.

രണ്ടുവർഷം മുമ്പ് സമാനമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ പ്രതികരിക്കാതിരുന്നത് തെറ്റായിപ്പോയെന്ന് പിന്നീട് തോന്നിയിരുന്നു. ഇപ്പോൾ 17കാരിയുടെ അനുഭവം വാർത്തയായതോടെയാണ് സ്വന്തം ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറയാൻ തീരുമാനിച്ചത്. എന്നാൽ, വെളിപ്പെടുത്തലിന് പിന്നാലെ ചിലർ കുറ്റപ്പെടുത്തുന്ന തരത്തിൽ പ്രതികരിച്ചതോടെ കാര്യങ്ങൾ തുറന്നുപറഞ്ഞത് തെറ്റായിപ്പോയോ എന്നുപോലും തോന്നിയെന്നും സലീം കോടത്തൂർ പറഞ്ഞു.

നിയമനടപടികളുമായി മുന്നോട്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം കേട്ടതും സമാനമായ ദുരനുഭവങ്ങൾ ഇനി ആർക്കും ഉണ്ടാകരുതെന്ന ആഗ്രഹവുമാണ് നിയമനടപടിയെ കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിച്ചത്. പരാതിയുമായി മുന്നോട്ടുവന്ന 17കാരിക്കും സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മറ്റുള്ളവർക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായി കേസ് ഫയൽ ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.