കെ സി വേണുഗോപാലിന്റെ അവഗണന മറികടക്കാൻ മുസ്‌ലിം ലീഗ്: ഒടുവിൽ നേരിട്ട് ഇടപെട്ട് രാഹുൽ ഗാന്ധി

മലപ്പുറം: ‘ഇൻഡ്യ’ മുന്നണിയുടെ ദേശീയതല പരിപാടികളിൽ നിന്ന് തങ്ങളെ മനഃപൂർവം മാറ്റിനിർത്തുന്നുവെന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ശക്തമായ അതൃപ്തി പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള ഭാവി പരിപാടികളിൽ ലീഗിന് അർഹമായ പ്രാതിനിധ്യം നൽകുമെന്ന് രാഹുൽ ഗാന്ധി പാർട്ടി നേതൃത്വത്തിന് ഉറപ്പുനൽകി. നവംബർ 16-ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോംഗിംഗ്: എ ജേണി ഓഫ് ലവ്’ പ്രകാശന ചടങ്ങിൽ നിന്ന് മുസ്‌ലിം ലീഗിനെ ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലായി പ്രതിഷേധത്തിന് കാരണമായത്. ഇതിന് പിന്നാലെ മുതിർന്ന ലീഗ് നേതാവ് രാഹുൽ ഗാന്ധിയെ നേരിട്ട് അതൃപ്തി അറിയിക്കുകയായിരുന്നു.

അവഗണനയുടെ നാൾവഴികൾ; പിന്നിൽ കെ.സി. വേണുഗോപാലെന്ന് സംശയം

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ‘ഇൻഡ്യ’ മുന്നണിയിൽ തങ്ങൾക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന് ലീഗ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഈ തുടർച്ചയായ അവഗണനകൾക്ക് പിന്നിലെന്നാണ് ലീഗ് നേതൃത്വത്തിന്റെ സംശയം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കെ.സി. വേണുഗോപാലിന്റെ നീക്കങ്ങളെ മുസ്‌ലിം ലീഗ് പിന്തുണച്ചിരുന്നില്ല. ഇതോടെയാണ് ഹൈക്കമാൻഡുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായതെന്ന് മുതിർന്ന ലീഗ് നേതാവ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് ലീഗിന് വലിയ പ്രാധാന്യം നൽകിയിരുന്ന ഹൈക്കമാൻഡ്, പിന്നീട് ദേശീയതല പരിപാടികളിൽ നിന്നെല്ലാം പാർട്ടിയെ മാറ്റിനിർത്തുകയായിരുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിലും രാംലീല മൈതാനത്ത് നടന്ന ‘ഡൽഹി ചലോ’ റാലിയിലും ലീഗിനെ അവഗണിച്ചു. റാലിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തെങ്കിലും അദ്ദേഹത്തിന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് പാർട്ടിക്കുള്ളിൽ കടുത്ത അമർഷത്തിന് ഇടയാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരാതി നൽകാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ ആദ്യ പട്ടികയിലും ലീഗ് പ്രതിനിധി ഉണ്ടായിരുന്നില്ല. ലീഗ് ഇടപെട്ടതിനെത്തുടർന്ന് എം.പി ഇ.ടി. മുഹമ്മദ് ബഷീറിനെ പതിനൊന്നാമത്തെ അംഗമായി ഉൾപ്പെടുത്തിയെങ്കിലും, പുതുക്കിയ പട്ടികയ്ക്ക് രാഷ്ട്രപതി ഭവന്റെ അനുമതി ലഭിക്കാതെ പോയത് ലീഗിന് കൂടുതൽ ക്ഷീണമുണ്ടാക്കി.

കെ.സി. വേണുഗോപാലും മുസ്‌ലിം ലീഗും തമ്മിലുള്ള ഈ ഭിന്നത കേരള രാഷ്ട്രീയത്തിലും കോൺഗ്രസ്-ലീഗ് ബന്ധത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.