ചെൽസിയുടെ യഥാർഥ പോരായ്മ എവിടെയാണ്?

സാബി അലോൻസോ
1999 ഡിസംബറിന് ശേഷം ആദ്യമായാണ് ലീഡ്സ് യുണൈറ്റഡ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വിജയക്കൊടി പാറിക്കുന്നത്. 25-ാം മിനിറ്റിൽ ഇമ്മാനുവൽ എമെഗ നേടിയ ഗോളിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും, മൂന്ന് മിനിറ്റിനുള്ളിൽ നൊവാ ഒകാഫോറിലൂടെ ലീഡ്സ് തിരിച്ചടിച്ചു. 52-ാം മിനിറ്റിൽ മോർഗൻ റോജേഴ്സിന്റെ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി ഡൊമിനിക് കാൽവെർട്ട്-ലെവിൻ ലക്ഷ്യത്തിലെത്തിച്ചു. 58-ാം മിനിറ്റിൽ ഒകാഫോർ തന്റെ രണ്ടാം ഗോളും, ഇൻജുറി ടൈമിൽ ബ്രെൻഡൻ ആരോൺസൺ എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് നാലാം ഗോളും നേടിയതോടെ ചെൽസിയുടെ തകർച്ച പൂർണമായി. ഈ തോൽവി കേവലം മൂന്ന് പോയിന്റുകളുടെ മാത്രം നഷ്ടമല്ല; മറിച്ച് കളിക്കാരും കളിശൈലിയും തമ്മിലുള്ള ഒത്തിണക്കത്തിന്റെ വലിയ വിടവാണ് തുറന്നുകാട്ടിയത്.
ബയർ ലെവർകൂസനിലെ ഇരട്ടക്കിരീട നേട്ടത്തിനും റയൽ മഡ്രിഡിലെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിനും ശേഷം മെയ് മാസത്തിൽ ചെൽസി പരിശീലകനായി എത്തിയ സാബി അലോൻസോയ്ക്ക് മേൽ വലിയ സമ്മർദമാണ് ഉയരുന്നത്. ദീർഘകാല കരാറും ‘മെയ് മാസത്തോടെ ടീം മെച്ചപ്പെടും’ എന്ന അദ്ദേഹത്തിന്റെ അവകാശവാദവും നിലനിൽക്കുമ്പോഴും, ആരാധകരുടെ ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു. കടുത്ത എതിരാളികളായ ടോട്ടൻഹാമിനോടും ലീഡ്സ് യുണൈറ്റഡിനോടും സ്വന്തം തട്ടകത്തിൽ അടുത്തടുത്തായി ലീഗ് മത്സരങ്ങൾ തോറ്റത് 1959-60 സീസണിന് ശേഷം ഇതാദ്യമാണ്. ആദ്യ 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 20 ഗോളുകൾ അടിച്ചെങ്കിലും അഞ്ച് തോൽവികളും, 20 ഗോളുകൾ വഴങ്ങിയെന്ന കണക്കും ടീമിന്റെ അസ്ഥിരത വ്യക്തമാക്കുന്നു. അവസാന നാല് ലീഗ് മത്സരങ്ങളിൽ നേടിയ ഏക വിജയം, മൈക്കൽ കാരിക്കിൽ നിന്ന് മൗറീഷ്യോ പോച്ചെറ്റിനോയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയിലായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മാത്രമായിരുന്നു.
അലോൻസോയുടെ കീഴിൽ ചെൽസി ആദ്യ പത്ത്-പതിനൊന്ന് ലീഗ് മത്സരങ്ങൾ പിന്നിടുമ്പോൾ ‘സ്ഥിരതയില്ലായ്മയിലെ സ്ഥിരത’യാണ് ഏറ്റവും വലിയ പ്രത്യേകത. പ്രത്യേകിച്ച് ബ്രസീലിയൻ മുന്നേറ്റതാരം ജാവോ പെഡ്രോയുടെ അഭാവം ടീമിന്റെ ആക്രമണ മൂർച്ചയെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. പെഡ്രോ ഇല്ലാതെ കളിച്ച ലീഗ് മത്സരങ്ങളിൽ ചെൽസിക്ക് ഗോളുകൾ കണ്ടെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു; ചില ഘട്ടങ്ങളിൽ പ്രോപ്പർ സ്ട്രൈക്കറില്ലാതെയാണ് അലോൻസോ ടീമിനെ ഇറക്കിയത്. സണ്ടർലൻഡിനെതിരായ തോൽവിയും അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പുള്ള മോശം പ്രകടനങ്ങളും ചേർന്നതോടെ, പെഡ്രോയുടെ അഭാവത്തിൽ ആക്രമണത്തിന് പുതിയൊരു ഊർജം കണ്ടെത്തേണ്ടത് അലോൻസോയ്ക്ക് അനിവാര്യമായി മാറി.
തന്ത്രപരമെന്നതിനേക്കാൾ ശാരീരികവും ഘടനാപരവുമായ വീഴ്ചയായിരുന്നു ലീഡ്സിനെതിരായ മത്സരത്തിലെ തോൽവിക്ക് കാരണം. ചൊവ്വാഴ്ച ബൊളീവിയയ്ക്കെതിരെ ഇക്വഡോറിനായി കളിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളും, പ്രീ-സീസണിൽ കണങ്കാലിനേറ്റ പരിക്ക് ബ്രൈറ്റണെതിരെ വീണ്ടും വഷളായതും കാരണം മൊയ്സസ് കൈസെഡോ പൂർണമായി ഫിറ്റ് ആയിരുന്നില്ല. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ജെയിംസ് ജസ്റ്റിനുമായുള്ള നേർക്കുന്നേർ പോരാട്ടത്തിൽ പരിക്കേറ്റ കൈസെഡോയ്ക്ക് പകരം ജോർദാൻ ഹെൻഡേഴ്സൺ കളത്തിലിറങ്ങിയതോടെ ചെൽസിയുടെ പ്രതിരോധ കവചം പൂർണമായും തകർന്നു. കൈസെഡോ കളത്തിലുണ്ടായിരുന്ന സമയത്ത് ലീഡ്സിന് ഗോളടിക്കാനോ അവസരങ്ങൾ സൃഷ്ടിക്കാനോ കഴിഞ്ഞിരുന്നില്ല; എന്നാൽ അദ്ദേഹം മടങ്ങിയതോടെ ചെൽസിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ലീഡ്സ് നാല് ഗോളുകൾ നേടുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ക്ലബിനും രാജ്യത്തിനുമായി 15,000ത്തിലധികം മിനിറ്റുകൾ കളിച്ച കൈസെഡോയുടെ ശരീരം തുടർച്ചയായ മത്സരഭാരത്താൽ തളർന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം ബോൺമൗത്തിനെതിരെ അദ്ദേഹം ആദ്യ ഇലവനിൽ തിരിച്ചെത്തുന്നതിന് മുമ്പ്, ആദ്യ അഞ്ച് ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ച ചെൽസി 12 ഗോളുകൾ വഴങ്ങിയി. എന്നാൽ കൈസെഡോ തിരിച്ചെത്തിയ ശേഷമുള്ള അഞ്ച് മത്സരങ്ങളിൽ (ലീഡ്സിനെതിരായ കളിക്ക് മുമ്പ് വരെ) വഴങ്ങിയത് നാല് ഗോൾ മാത്രമാണ്. എതിരാളികൾ ശക്തമായി പ്രസ് ചെയ്യുമ്പോൾ പന്ത് കൈവശം വെച്ച് മുന്നേറാനും, പന്തില്ലാത്തപ്പോൾ പ്രതിരോധം കാത്തുസൂക്ഷിക്കാനും കൈസെഡോയില്ലാതെ അലോൻസോയുടെ ടീമിന് സാധിക്കുന്നില്ല. വെള്ളിയാഴ്ച രാത്രി സിറ്റി ഗ്രൗണ്ടിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടാനിരിക്കെ, വിശ്രമിക്കാൻ ഒരു ദിവസം കുറവുള്ളത് ചെൽസിയുടെ ആശങ്ക വർധിപ്പിക്കുന്നു.
യൂറോപ്യൻ മത്സരങ്ങളുടെ തിരക്കുകളില്ലാത്തതിനാൽ പരിശീലനത്തിന് ധാരാളം സമയവും പൂർണ പ്രീ-സീസണും അലോൻസോയ്ക്ക് ലഭിച്ചിരുന്നു. എന്നിട്ടും ചെൽസിയുടെ ആക്രമണങ്ങൾ കൃത്യമായ തന്ത്രങ്ങളെക്കാൾ ഉപരി താരങ്ങളുടെ വ്യക്തിഗത മികവിനെ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ജാവോ പെഡ്രോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഇമ്മാനുവൽ എമെഗ മികച്ചൊരു ഗോളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചെങ്കിലും, അദ്ദേഹത്തിന് മുന്നേറ്റനിരയിൽ ആവശ്യത്തിന് പന്തുകൾ ലഭിക്കുന്നില്ല. മോർഗൻ റോജേഴ്സ് ചില നല്ല നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും അപകടകരമായ രീതിയിൽ പന്ത് നഷ്ടപ്പെടുത്തുന്നു. സെപ്റ്റംബറിൽ കരാബാവോ കപ്പിൽ ലീഡ്സിനെതിരെ തിളങ്ങിയതിന് ശേഷം കോൾ പാമറിന് ഒരു മത്സരവും ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായ രണ്ടാം ഹോം മത്സരത്തിലും എസ്റ്റീവോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് ആരാധകരിൽ ആവേശമുണർത്തിയെങ്കിലും, ലീഡ്സിനെപ്പോലെ ശാരീരിക കരുത്തോടെ കളിക്കുന്ന ടീമുകൾക്കെതിരെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന്റെ വേഗതയും കഴിവും മാത്രം മതിയാകില്ല.
ഈ തകർച്ചയ്ക്ക് അലോൻസോയെ മാത്രം കുറ്റപ്പെടുത്തുന്നത് കഴിഞ്ഞ മൂന്നര വർഷമായി ബ്ലൂകോ നടത്തുന്ന താരക്കച്ചവടങ്ങളുടെ പോരായ്മകൾ കാണാതെ പോകുന്നതിന് തുല്യമാണ്. ചെൽസിയിൽ ലോകോത്തര നിലവാരമുള്ള താരങ്ങളുണ്ടെന്ന് ലീഡ്സ് പരിശീലകൻ ഡാനിയൽ ഫാർക്കെ മത്സരശേഷം സമ്മതിച്ചിരുന്നു. എങ്കിലും, പ്രീമിയർ ലീഗിന്റെ തീവ്രതയെ അതിജീവിക്കാനുള്ള ശാരീരിക കരുത്തോ മാനസിക സ്ഥിരതയോ ഈ സ്ക്വാഡിനില്ല. സമനില ഗോൾ വഴങ്ങിയതോടെ ടീം മാനസികമായി തളർന്നുപോയെന്ന് അലോൻസോ തുറന്നുപറഞ്ഞത്, ബ്ലൂകോ കാലഘട്ടത്തിൽ ചെൽസി നിരന്തരം നേരിടുന്ന ഒരു പഴയ പ്രശ്നത്തെയാണ് ഓർമിപ്പിക്കുന്നത്.
നേരെമറിച്ച്, ഓരോ നീക്കത്തിലും കൃത്യമായ അച്ചടക്കവും പോരാട്ടവീര്യവും പുലർത്തിയ ടീമായിരുന്നു ലീഡ്സ്. ജെയിംസ് ജസ്റ്റിൻ മോർഗൻ റോജേഴ്സിനെ പൂട്ടിയപ്പോൾ, നിക്കോ എൽവേദി എമെഗയെ പൂട്ടി. ജെയ്ഡൻ ബോഗിളും ഗബ്രിയേൽ ഗുഡ്മണ്ട്സണും വിങ്ങുകളിലൂടെ ചെൽസിയെ വലച്ചപ്പോൾ, മധ്യനിരയിൽ ആവോ തനകയും ഏഥൻ അമ്പാഡുവും വിശ്രമമില്ലാതെ പണിയെടുത്തു. ഷോൺ ലോംഗ്സ്റ്റാഫ് മധ്യനിരയെയും മുന്നേറ്റനിരയെയും കൃത്യമായി ബന്ധിപ്പിച്ചു. മുന്നേറ്റത്തിൽ കാൽവെർട്ട്-ലെവിന്റെ കരുത്തുറ്റ കളി ഒകാഫോറിന്റെ സമനില ഗോളിന് വഴിയൊരുക്കി. പരിക്കിൽ നിന്ന് മുക്തനായി ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ എത്തിയ ഒകാഫോർ, കഴിഞ്ഞ 17 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി കാൽവെർട്ട്-ലെവിന്റെ ഗോളടി ഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
ആഴ്സണൽ ഒഴികെയുള്ള മറ്റ് പ്രമുഖ ക്ലബുകളെല്ലാം സ്ഥിരത കണ്ടെത്താൻ പ്രയാസപ്പെടുന്നതിനാൽ, ചെൽസി ഇപ്പോഴും നാലാം സ്ഥാനത്ത് നിന്ന് രണ്ട് പോയിന്റ് മാത്രം അകലെയാണ്. റീസ് ജെയിംസ്, മാക്സെൻസ് ലാക്രോയിക്സ്, ജാവോ പെഡ്രോ, കൈസെഡോ, ജാമി ഗിറ്റെൻസ്, ജോറൽ ഹാറ്റോ തുടങ്ങിയ പ്രമുഖ താരങ്ങളുടെ പരിക്കുകൾക്കിടയിലും ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന ലക്ഷ്യം ഇപ്പോഴും കൈയെത്തും ദൂരത്തുണ്ട്. എന്നാൽ മെയ് മാസം വരെ കാത്തിരിക്കുന്നതിന് പകരം, വെള്ളിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ നടക്കുന്ന മത്സരത്തിൽ തന്നെ ശക്തമായൊരു മധ്യനിരയെയും വ്യക്തമായ കളിശൈലിയെയും മാനസിക കരുത്തിനെയും അലോൻസോയ്ക്ക് കളത്തിലിറക്കേണ്ടതുണ്ട്.
