‘കേപ്ടൗണിൽ മാത്രമല്ല, ആദ്യ ടെസ്റ്റിലും ചതി നടന്നു’; ഓസീസ് ടീമിനെതിരെ ഗുരുതര ആരോപണവുമായി ഡിവില്ലിയേഴ്സ്

ജൊഹന്നാസ്ബർഗ്: ആസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടൽ വിവാദത്തിൽ പുതിയ ആരോപണവുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്സ്. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കേപ്ടൗൺ ടെസ്റ്റിന് മുമ്പുതന്നെ ആസ്ട്രേലിയ പന്തിൽ കൃത്രിമം കാണിച്ചിരുന്നുവെന്നാണ് ഡിവില്ലിയേഴ്സിന്റെ ആരോപണം. പരമ്പരയിലെ ആദ്യ മത്സരമായ ഡർബൻ ടെസ്റ്റിലും പന്തിൽ കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്നും ഇക്കാര്യം ആസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഡിവില്ലിയേഴ്സിന്റെ പ്രതികരണം.
എട്ട് വർഷം മുമ്പ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സാൻഡ്പേപ്പർഗേറ്റ് വിവാദം ആസ്ട്രേലിയൻ താരങ്ങളുടെ പുതിയ വെളിപ്പെടുത്തലുകളോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. കേപ്ടൗണിലെ മൂന്നാം ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചത് ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ, രണ്ടാം ടെസ്റ്റ് നടന്ന പോർട്ട് എലിസബത്തിലും സമാനമായ കൃത്രിമം നടത്തിയിരുന്നുവെന്ന് മുൻ ഓസീസ് താരങ്ങളായ ഉസ്മാൻ ഖവാജയും കാമറൂൺ ബാൻക്രോഫ്റ്റും അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആദ്യ ടെസ്റ്റിലും ക്രമക്കേട് നടന്നെന്ന സംശയവുമായി ഡിവില്ലിയേഴ്സ് രംഗത്തെത്തിയത്.
‘അവർ എന്തോ ചെയ്യുന്നുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഇതിൽ ഇത്രയധികം തർക്കിക്കേണ്ട കാര്യമെന്താണെന്ന് മനസ്സിലാകുന്നില്ല. പന്ത് അസാധാരണമായി റിവേഴ്സ് സ്വിങ് ചെയ്യുന്നത് ശ്രദ്ധിച്ചാൽ കാര്യം വ്യക്തമാകും. പോർട്ട് എലിസബത്തിലല്ല, ഡർബനിൽ തന്നെ ഇത് തുടങ്ങിയിരുന്നു. ഇക്കാര്യം എന്റെ പേരിൽ ഉദ്ധരിക്കുന്നതിൽ സന്തോഷമേയുള്ളൂ’ -ഡിവില്ലിയേഴ്സ് പറഞ്ഞു.
ഡർബനിലെ കിങ്സ്മീഡ് മൈതാനത്ത് പതിവിലും വളരെ നേരത്തേ പന്ത് റിവേഴ്സ് സ്വിങ് ചെയ്യാൻ തുടങ്ങിയതാണ് സംശയത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഡർബനിലെ ആദ്യ ടെസ്റ്റ് ഞങ്ങൾ തോറ്റിരുന്നു. ആ മത്സരത്തിൽ അസാധാരണമായ സമയത്താണ് പന്ത് റിവേഴ്സ് സ്വിങ് ചെയ്യാൻ തുടങ്ങിയത്. കിങ്സ്മീഡിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ള ആളാണ് ഞാൻ. അവിടെ അത്ര നേരത്തേ പന്ത് റിവേഴ്സ് സ്വിങ് ചെയ്യുക പതിവില്ല. അവർ സാൻഡ്പേപ്പറാണോ നഖമാണോ ഉപയോഗിച്ചതെന്നത് എനിക്ക് വിഷയമല്ല’ -ഡിവില്ലിയേഴ്സ് പറഞ്ഞു.
പന്തിൽ കൃത്രിമം കാണിക്കാൻ എന്ത് വസ്തു ഉപയോഗിച്ചുവെന്നതിനെക്കാൾ നിയമവിരുദ്ധമായ പ്രവൃത്തി നടത്താൻ മുൻകൂട്ടി തീരുമാനിച്ചുവെന്നതാണ് പ്രധാന പ്രശ്നമെന്ന് ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി. ടീമിലെ എല്ലാവർക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്തിനാണ് സാൻഡ്പേപ്പർ ഉപയോഗിച്ചോ എന്നതിനെക്കുറിച്ച് മാത്രം എല്ലാവരും ആശങ്കപ്പെടുന്നത്? മൈതാനത്ത് നിയമവിരുദ്ധമായ പ്രവൃത്തി നടത്താൻ മുൻകൂട്ടി തീരുമാനിച്ചുവെന്നതാണ് യഥാർഥ പ്രശ്നം. തങ്ങൾ ചെയ്യുന്നത് ചതിയാണെന്ന് അറിയാമായിരുന്നോ എന്നതാണ് ചോദിക്കേണ്ടത്. അതിന് നൂറുശതമാനവും അതെ എന്നായിരിക്കും ഉത്തരം. ടീമിലെ ഓരോരുത്തർക്കും ഇതറിയാമായിരുന്നു. അക്കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല’ -ഡിവില്ലിയേഴ്സ് ആരോപിച്ചു.
വിവാദത്തിന്റെ ഉത്തരവാദിത്വം മൂന്ന് താരങ്ങളിൽ മാത്രം ഒതുക്കിയതിനെയും അദ്ദേഹം വിമർശിച്ചു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും കാമറൂൺ ബാൻക്രോഫ്റ്റും മാത്രം ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
‘ടീം ഒന്നടങ്കം ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നു. ശിക്ഷ നൽകാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും അധികൃതരോട് പറയണമായിരുന്നു. എന്നാൽ, അങ്ങനെയല്ല സംഭവിച്ചത്. അന്ന് ആസ്ട്രേലിയൻ ടീം വിഷയം കൈകാര്യം ചെയ്ത രീതി തീർത്തും തെറ്റായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമായിരുന്നെങ്കിൽ ഞങ്ങൾ ഒരുമിച്ച് നിന്നേനെ’ -ഡിവില്ലിയേഴ്സ് പറഞ്ഞു.
2018ൽ കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിലാണ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിന്റെ ഉപരിതലത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നതിനിടെ ബാൻക്രോഫ്റ്റ് ക്യാമറയിൽ കുടുങ്ങിയത്. ക്രിക്കറ്റ് ആസ്ട്രേലിയയുടെ അന്വേഷണത്തിന് പിന്നാലെ അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും 12 മാസം വീതവും ബാൻക്രോഫ്റ്റിന് ഒമ്പത് മാസവും വിലക്കേർപ്പെടുത്തിയിരുന്നു. ഇവർ മൂന്നുപേർക്ക് മാത്രമാണ് പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നതെന്നായിരുന്നു അന്നത്തെ അന്വേഷണത്തിലെ കണ്ടെത്തൽ.
എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ ‘സബ്ർ’ എന്ന ആത്മകഥയിലൂടെ ഉസ്മാൻ ഖവാജ ഈ കണ്ടെത്തലിനെ ചോദ്യം ചെയ്തു. പന്തിൽ കൃത്രിമം കാണിക്കുന്നതിനെക്കുറിച്ച് കളിക്കാർക്കും പരിശീലകസംഘത്തിനും അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ ആരോപണം. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെ ഡേവിഡ് വാർണറും കാമറൂൺ ബാൻക്രോഫ്റ്റും പിന്തുണച്ചിരുന്നു.
അതേസമയം, നിലവിലെ ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസും പേസർ മിച്ചൽ സ്റ്റാർക്കും ആരോപണങ്ങൾ നിഷേധിച്ചു. പന്തിൽ കൃത്രിമം കാണിക്കാൻ സാൻഡ്പേപ്പർ മൈതാനത്തേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ നിലപാട്.
