കണ്ണൂർ രാഷ്ട്രീയത്തിൽ ജയരാജൻ പോര് കടുക്കുന്നു: വെളിപ്പെടുത്തലുകളും മറുപരാതികളും, സി.പി.എമ്മിൽ പുതിയ പോർമുഖം

കണ്ണൂര്‍: കണ്ണൂരിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലെ പോര് തുടങ്ങിയിട്ട് കാലങ്ങൾ. ഇരുനേതാക്കളും നേതൃത്വത്തിന് നൽകിയ കത്തിലെ ഉള്ളടക്കം പുറത്തുവന്നപ്പോഴെല്ലാം നിഷേധിക്കുകയാണ് നേതാക്കളുടെ പതിവ്. കത്തുകളിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചതോടെ പോരിന് പുതിയ മാനം കൈവന്നിരിക്കയാണ്. ഇത് കണ്ണൂർ സി.പി.എമ്മിൽ വരും ദിവസങ്ങളിൽ കാര്യമായ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായപ്പോൾ ഇ.പി. ജയരാജൻ പുലർത്തിയ നിസ്സഹകരണം മുതലെടുത്ത് 2022 ഡിസംബര്‍ 24ലെ സംസ്ഥാന സമിതി യോഗത്തിലാണ് പി. ജയരാജൻ ഇ.പിക്കെതിരെ അനധികൃത സ്വത്ത് പരാതി ഉന്നയിച്ചത്. മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അന്ന് യോഗത്തില്‍ ഇ.പി. പങ്കെടുത്തിരുന്നില്ല. ഭാര്യയുടെ വിരമിക്കല്‍ ആനുകൂല്യം നിക്ഷേപിച്ചതാണെന്നായിരുന്നു ഇ.പിയുടെ വിശദീകരണം. പി.ജയരാജനെതിരെ ക്വട്ടേഷൻ ബന്ധം ഉൾപ്പടെ ആരോപിച്ച് ഇ.പി. ജയരാജനും കത്ത് നൽകി. കത്തിൽ നടപടിയെടുക്കാത്തതിൽ ഇ.പി പരിഭവത്തിലായിരുന്നു.
പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പല നീക്കങ്ങളും ഇ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ ഇടപെടലിലാണ് ഇ.പിയുടെ പരിഭവങ്ങൾ ഒരു പരിധി വരെ തണുക്കുക. എന്നാൽ, 2024 ഏപ്രില്‍ 26ന്, ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്ദേകറെ കണ്ടതായി ഇ.പി. സമ്മതിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പിയെ നീക്കി.
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കുശേഷം കണ്ണൂരിൽ പി. ജയരാജനു വേണ്ടി പ്രവർത്തകരുടെ മുറവിളി ഉയർന്നിരുന്നു. പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശാല സംസ്ഥാന സമിതി യോഗത്തോടെ പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത്.
അരിയിൽ ഷുക്കൂർ വധക്കേസിൽനിന്ന് കുറ്റമുക്തനാക്കപ്പെട്ടതും പി. ജയരാജന് അനുകൂലമായി.
ഒരു മാസം മുമ്പ് ഇ.പിയുടെ സഹോദരീപുത്രന്റെ വെളിപ്പെടുത്തലോടെയാണ് വൈദേകം വീണ്ടും ചർച്ചയായത്. കരിമണല്‍ വ്യവസായിയിൽ നിന്ന് ഇ.പിയുടെ ഭാര്യ പണം വാങ്ങി വൈദേകത്തില്‍ നിക്ഷേപിച്ചെന്നായിരുന്നു ബന്ധുവിന്റെ വെളിപ്പെടുത്തൽ. ഇതിന്റെ ചുവടുപിടിച്ചാണ് പരാതി വീണ്ടും പി. ജയരാജൻ ഉന്നയിച്ചത്.
സ്വർണക്കടത്ത്- ക്വട്ടേഷൻ സംഘങ്ങളുമായി പി. ജയരാജനുള്ള ബന്ധം ആരോപിച്ചാണ് കണ്ണൂർ ജില്ല കമ്മിറ്റിയംഗം മനു തോമസ് പാർട്ടി വിട്ടത്. ഇതെല്ലാം കുത്തിപ്പൊക്കിയാണ് പി. ജയരാജനെതിരെ മുതിർന്ന നേതാവ് തന്നെ ഇപ്പോൾ രംഗത്തുവന്നത്.
