ജോപോൾ അഞ്ചേരിയും ബെന്റ്ല ഡിക്കോത്തും എഐഎഫ്എഫ് ജനറൽ ബോഡിയിൽ; ഷറഫലി തോറ്റു

ജോപോൾ അഞ്ചേരി, ബെന്റ്ല ഡിക്കോത്ത്
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ജനറൽ ബോഡിയിലേക്കുള്ള ‘സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്’ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ മുൻ ഇന്ത്യൻ താരങ്ങളും മലയാളികളുമായ ജോപോൾ അഞ്ചേരിക്കും ബെന്റ്ല ഡിക്കോത്തിനും ജയം.
ഒയ്നം ബെംബം ദേവി, ബ്രൂണോ കുട്ടീഞ്ഞോ എന്നിവരും വിജയിച്ചു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലൂടെ വനിത വിഭാഗത്തിൽ ബെംബം ദേവിയും ഡിക്കോത്തും ജയിച്ചപ്പോൾ പുരുഷ വിഭാഗത്തിലാണ് അഞ്ചേരിയും കുട്ടീഞ്ഞോയും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് ഓഫിസർ രാജീവ് ശർമയുടെ മേൽനോട്ടത്തിൽ നടന്ന വോട്ടെടുപ്പിൽ 40 മുൻ ഇന്ത്യൻ രാജ്യാന്തര താരങ്ങളിൽ 33 പേർ വോട്ട് രേഖപ്പെടുത്തി. ആകെ ഒമ്പതുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
വനിത വിഭാഗത്തിൽ ബെംബം ദേവി, ഡിക്കോത്ത് എന്നിവർക്ക് പുറമെ ശുക്ല ദത്ത, കൽപ്പന ദാസ്, ശ്രദ്ധാഞ്ജലി സാമന്തറായ് എന്നിവരും പുരുഷ വിഭാഗത്തിൽ അഞ്ചേരി, കുട്ടീഞ്ഞോ എന്നിവർക്കൊപ്പം മലയാളിയായ യു. ഷറഫലി, മുഷ്താഖ് അലി എന്നിവരുമാണ് മത്സരിച്ചത്.
