ഫിഫ അണ്ടർ 17: അഞ്ചാംദിനം പിറന്നത് അഞ്ച് ഹാട്രിക്കുകൾ

ദോഹ: ലോക ഫുട്ബാളിന്റെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്ന ഏറ്റവും വലിയ വേദിയാണ് ഫിഫ അണ്ടർ -17 ലോകകപ്പ്. ലോകശ്രദ്ധ നേടിയ പല താരങ്ങളും വളർന്നുവന്നത് ഈ കൗമാര മേളയിലൂടെയാണ്. തങ്ങളുടെ പ്രതിഭ തെളിയിക്കാനും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാനുമുള്ള അവസരം ഏറ്റവും ഫലപ്രദമായി യുവ താരങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ പ്രകടം തെളിയിക്കുന്നത്. കൗമാര ലോകകപ്പ് ടൂർണമെന്റിന്റെ അഞ്ചാം ദിവസം പിറന്നത് അഞ്ച് ഹാട്രിക്കുകളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്നലെ നടന്ന എട്ട് കളികളിലായി 52 ഗോളുകളും പിറന്നു. കഴിഞ്ഞദിവസത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിൽ, എതിരില്ലാത്ത 15 ഗോളുകൾക്ക് സ്പാനിഷ് യുവനിര ഫിജിയെ തകർത്തപ്പോൾ, മൂന്ന് താരങ്ങളാണ് ഫുട്ബാൾ ലോകത്തെ വേറിട്ട കാഴ്ചയൊരുക്കി ഹാട്രിക് നേടിയത്. അഞ്ച് ഗോളുകൾ അടിച്ചുകൂട്ടിയ റാഫേൽ ക്രൂസ് ഫിജിയെ നിഷ്പ്രഭമാക്കിയപ്പോൾ, കൂട്ടായി റോബർട്ടോ തോമസ്, ഗില്ലെർമോ ട്രൂജില്ലാനോ എന്നിവരും ഹാട്രിക് നേടി. സ്പെയിൻ മൂന്നേറ്റത്തിൽ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ ഫിജിക്ക് കളിയിലുടനീളം കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനുമായില്ല.

അണ്ടർ-17 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. അതേസമയം, ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരം 2025-ൽ ഖത്തറിൽ നടന്ന മൊറോക്കോ – ന്യൂ കാലിഡോണിയ പോരാട്ടമാണ്. ആവേശകരമായ ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ 16-0 എന്ന കൂറ്റൻ സ്കോറിനാണ് ന്യൂ കാലിഡോണിയയെ പരാജയപ്പെടുത്തിയത്.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിലും ഗോൾവേട്ട തുടർന്നു. ജമൈക്കയെ 6-2ന് തകർത്ത ഉസ്ബെക്കിസ്ഥാൻ നിരയിൽ സുഖ്‌റോബ് സാദിർജാനോവും, താജിക്കിസ്ഥാനെതിരെ (4-0) വിജയം നേടിയ ക്രൊയേഷ്യക്കായി ജോന ബെൻകോട്ടികും ഹാട്രിക് സ്വന്തമാക്കി. കഴിഞ്ഞദിവസം ന്യൂ കാലിഡോണിയയെ (6-0) പരാജയപ്പെടുത്തിയ കളിയിൽ ദക്ഷിണ കൊറിയയുടെ കിം ജി-വൂവിന്റെ ഹാട്രികും നിർണ്ണായകമായിരുന്നു. ഇതോടെ, ടൂർണമെന്റ് അഞ്ച് ദിവസം പിന്നിട്ടപ്പോൾ ആകെ പിറന്നത് ആറ് ഹാട്രിക്കുകളാണ്.

റൊണാൾഡീഞ്ഞോയും നെയ്മറുമടക്കമുള്ള ഇതിഹാസങ്ങൾ ലോകശ്രദ്ധ നേടിയ ഫിഫ അണ്ടർ 17 വേദി, തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള സുവർണ്ണാവസരമായാണ് യുവതാരങ്ങൾ കാണുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരുദിവസം എട്ടു മത്സരങ്ങളാണ് നടക്കുന്നത്. തുടക്കത്തിൽതന്നെ ആവേശമായി ഇത്രയധികം ഹാട്രിക്കുകളും വലിയ വിജയങ്ങളും പിറക്കുമ്പോൾ, വരും ദിവസങ്ങളിൽ ആരാധകർക്ക് കൂടുതൽ ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുമെന്നുറപ്പാണ്.