'കിട്ടിയ പന്തുകൊണ്ട് കളിക്കണം'; ഗില്ലിന് മറുപടിയുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ

ക്രൈസ്റ്റ്ചർച്ച്: ക്രിക്കറ്റ് പന്തുകളുടെ ഗുണനിലവാരം സംബന്ധിച്ച് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ഉന്നയിച്ച ആശങ്കകളോട് പ്രതികരിച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം. പന്ത് എത്ര വേഗത്തിൽ മോശമാകുമെന്നത് പിച്ചിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ലഭിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് രാജ്യാന്തര താരങ്ങൾ ചെയ്യേണ്ടതെന്നും ലാഥം പറഞ്ഞു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായാണ് ന്യൂസിലാൻഡ് നായകന്റെ പ്രതികരണം.

വെല്ലിങ്ടണിൽ റൺമഴ പെയ്ത ഒന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് പന്തുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ഗിൽ ആശങ്ക പ്രകടിപ്പിച്ചത്. ഡ്യൂക്സ്, കൂക്കബുറ പന്തുകൾ ആദ്യ 25–30 ഓവറുകൾക്കുശേഷം മൃദുവാകുന്നുവെന്നും ഇതോടെ ഫലപ്രാപ്തി കുറയുന്നുവെന്നുമായിരുന്നു ഇന്ത്യൻ നായകന്റെ പ്രതികരണം.

എന്നാൽ, പന്തിന്റെ അവസ്ഥയെ സ്വാധീനിക്കുന്നതിൽ പിച്ചിന് നിർണായക പങ്കുണ്ടെന്നാണ് ലാഥത്തിന്റെ വിലയിരുത്തൽ. പരന്നതോ പരുക്കൻ പ്രതലമുള്ളതോ ആയ പിച്ചുകളിൽ ഡ്യൂക്സ്, കൂക്കബുറ വ്യത്യാസമില്ലാതെ പന്തുകൾ വേഗത്തിൽ മോശമായേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പന്തിന്റെ മികച്ച അവസ്ഥ കഴിയുന്നത്ര നേരം നിലനിർത്താനുള്ള വഴികൾ കണ്ടെത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ലാഥം പറഞ്ഞു.

രണ്ടാം ടെസ്റ്റ് നടക്കുന്ന ഹാഗ്ലി ഓവലിൽ പന്തിന്റെ പുതുമ കൂടുതൽ നേരം നിലനിൽക്കുമെന്നാണ് ലാഥത്തിന്റെ പ്രതീക്ഷ. പിച്ചിൽ പുല്ലിന്റെ സാന്നിധ്യം കൂടുതലാണെന്നതും സമീപകാലത്ത് ഇവിടെ അധികം മത്സരങ്ങൾ നടന്നിട്ടില്ലെന്നതും ഇതിന് അനുകൂല ഘടകങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഓരോ പരമ്പരയിലും ഓരോ വർഷത്തിലും പന്തുകളുടെ ഗുണനിലവാരം വ്യത്യസ്തമായിരിക്കാം. ചിലപ്പോൾ മികച്ച പന്തുകൾ ലഭിക്കും. മറ്റു ചിലപ്പോൾ അവ വേഗത്തിൽ മോശമായേക്കാം. എന്നാൽ, ക്രിക്കറ്റ് താരങ്ങളെന്ന നിലയിൽ ലഭിച്ച പന്തുകൊണ്ട് കളിക്കാൻ നമുക്ക് കഴിയണം. അത് നല്ല അവസ്ഥയിലാണെങ്കിലും അല്ലെങ്കിലും കളിക്കാനുള്ള വഴി കണ്ടെത്തണം’ -ലാഥം വ്യക്തമാക്കി.