‘സ്കൂൾ വെടിവെപ്പ് അബദ്ധമല്ല, സഹപാഠിയെ കൊല്ലാൻ മനഃപൂർവം ചെയ്തത്’; വിവാദ പരാമർശവുമായി ആലത്തൂർ എംഎൽഎ ടിഎം ശശി

പാലക്കാട്: പരുതൂർ സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവം അബദ്ധത്തിൽ സംഭവിച്ചത് അല്ലെന്ന ഗുരുതര ആരോപണവുമായി ആലത്തൂർ എം.എൽ.എയും സി.പി.എം നേതാവുമായ ടി.എം. ശശി.

സഹപാഠിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാർഥി സ്കൂളിലെത്തിയതെന്നും മനഃപൂർവമാണ് വെടിയുതിർത്തതെന്നുമാണ് എം.എൽ.എയുടെ ആരോപണം.

പഴമ്പാലക്കോട് എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ആലത്തൂർ ഉപജില്ല കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പരാമർശം.

കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റത്. സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിശദീകരണം. വെടിവെച്ച കുട്ടിയും സ്കൂൾ അധികൃതരും പൊലീസും ഈ വാദം ശരിവെച്ചിരുന്നു.

കുട്ടികൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സുഹൃത്തുക്കളാണെന്നുമാണ് പൊലീസും സ്കൂൾ അധികൃതരും വിശദീകരിച്ചിരുന്നു. തോക്ക് വല്യുപ്പയുടേതായിരുന്നെന്നും അബദ്ധത്തിൽ തന്റെ കൈവശം എത്തിയതാണെന്നും കുട്ടി മൊഴി നൽകി.

തോക്ക് കൗതുകത്തിന്റെ പുറത്ത് പരിശോധിക്കുന്നതിനിടെ അറിയാതെ വെടിപൊട്ടുകയായിരുന്നു എന്നാണ് വെടിയേറ്റ കുട്ടി പൊലീസിനോട് പറഞ്ഞത്.

അതേസമയം, വെടിവെപ്പ് സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. ബോർഡ് ഡിസംബർ അഞ്ചുവരെ കുട്ടിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ബോർഡ് ഉത്തരവിട്ടിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആയുധം വീട്ടിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥിയുടെ മാതാവിനെതിരെയും ആയുധ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലവും വെടിവെപ്പിന് പിന്നിലെ കാരണങ്ങളും സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.