
ദോഹ: ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രീ മത്സരത്തിൽ മെഴ്‌സിഡസ് താരങ്ങളുടെ ആധിപത്യം. വാശിയേറിയ 57 ലാപ്പുകൾക്കൊടുവിൽ, നിലവിലെ ലോക ചാമ്പ്യനായി കഴിഞ്ഞ മെഴ്‌സിഡസിന്റെ ഇറ്റാലിയൻ താരം കിമി അന്റോനെല്ലി ഒന്നാം സ്ഥാനം നേടി. പോൾ പൊസിഷനിൽ നിന്ന് മത്സരം തുടങ്ങിയ സഹതാരം ജോർജ് റസ്സൽ രണ്ടാം സ്ഥാനത്തോടെ മെഴ്‌സിഡസിന് ഇരട്ട നേട്ടം സമ്മാനിച്ചു. മക് ലാറൻ താരം ഓസ്കാർ പിയാസ്ട്രിയാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
തുടക്കം മുതൽ മികച്ച വേഗതയിൽ മുന്നേറിയ ജോർജ് റസ്സലിന് മത്സരത്തിന്റെ രണ്ടാം പകുതിയിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ് വിജയം നഷ്ടപ്പെടുത്തിയത്. 35-ാം ലാപ്പിൽ പിറ്റ് സ്റ്റോപ്പിനെത്തിയ റസ്സലിന് 10.3 സെക്കൻഡ് നഷ്ടമായതോടെ ഒന്നാം സ്ഥാനം കിമി അന്റോനെല്ലി സ്വന്തമാക്കുകയായിരുന്നു. റെഡ് ബുൾ താരം മാക്സ് വെർസ്റ്റാപ്പൻ നാലാമതും മക് ലാറന്റെ ലാൻഡോ നോറിസ് അഞ്ചാമതും ഫിനിഷ് ചെയ്തു. ഫെറാരി താരങ്ങളായ ലൂയിസ് ഹാമിൽട്ടൺ ആറാം സ്ഥാനത്തും ചാൾസ് ലെക്ലർക്ക് ഏഴാം സ്ഥാനത്തുമാണ് മത്സരം പൂർത്തിയാക്കിയത്. സീസണിലെ അവസാന മത്സരം അടുത്ത ആഴ്ച അബുദാബിയിൽ നടക്കും. സാവോ പോളോക്കുശേഷമുള്ള പോയന്റ് നില പ്രകാരം കിമി ആന്റൊനെല്ലി ഒന്നാം സ്ഥാനത്താണ്.


