Sunday, 29 November 2026
The Journal Unfolding The Truth
Latest

'മിഷ്യൻ ചക്കക്കൊമ്പൻ'; ആനയിറങ്കൽ ജലാശയത്തിന്റെ കരയിൽ നിലയുറപ്പിച്ച കാട്ടാന, പൂർണ ആരോഗ്യവാനാണെന്നാണ് വനംവകുപ്പ്

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം പരാജയപ്പെട്ട ശേഷം, ആനയിറങ്കൽ ജലാശയത്തിന്റെ കരയിൽ നിലയുറപ്പിച്ച് കാട്ടാന. ജലാശയത്തോട് ചേർന്നുള്ള ഭാഗം സുരക്ഷിതമാണെന്ന് മനസ്സിലാക്കിയത് പോലെയായിരുന്നു ഇന്നലത്തെ ആനയുടെ നീക്കങ്ങൾ. ഇന്നലെ രാവിലെ മുതൽ, ജലാശയത്തിന്റെ കരയിലുള്ള എൺപതേക്കറിന് സമീപത്തായിരുന്നു ചക്കക്കൊമ്പൻ നിലയുറപ്പിച്ചത്. ഇടക്ക്, നിന്ന് കൊണ്ട് കുറച്ചു സമയം ഉറങ്ങി. ശേഷം വീണ്ടും ജലാശയത്തിന്റെ കരയിലെ പുല്ല് തിന്നു.

ചക്കക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നാണ് വനംവകുപ്പ് അധികൃതർ. മുഴുവൻ സമയവും ആനയെ നിരീക്ഷിക്കാൻ ആർ.ആർ.ടി സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനുവരി ആദ്യം ദൗത്യം പുനരാരംഭിക്കാനാണ് വനംവകുപ്പ് ഇപ്പോൾ തീരുമാനിച്ചത്. ചക്കക്കൊമ്പന് നേരെ രണ്ടു തവണ മയക്കുവെടി വെച്ചിരുന്നു. മയക്കുവെടിയുടെ സൂച്ചി ആനയുടെ ശരീരത്തിൽ ഇപ്പോഴും ഉള്ളതായാണ് കാണുന്നത്. ആനയെ മുഴുവൻ സമയവും നിരീക്ഷിക്കാൻ വനംവകുപ്പ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ചക്കക്കൊമ്പൻ ദൗത്യം ആരംഭിക്കുന്നതിന് മുമ്പും അതിന് ശേഷവും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ‌ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ആനയെ മയക്കുവെടി വെക്കുന്നതിനെതിരെയായിരുന്നു സന്ദേശങ്ങളെല്ലാം. വാട്സാപ് സന്ദേശം കൂടാതെ കത്തുകളിലൂടെയും ചിലർ ഭീഷണി മുഴക്കി. മൃഗസ്നേഹികളും അവരുടെ സംഘടനകളുമാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്നാണ് അധികൃതർ പറയുന്നത്. ചക്കക്കൊമ്പൻ ദൗത്യത്തിനായി 10 ലക്ഷത്തോളം രൂപയാണ് ഇതുവരെ ചെലവായത്. ഒരു തവണ മയക്കുവെടി വെക്കുന്നതിന് 30,000 രൂപയാണ് ചെലവ്. മൂന്നു തവണ മയക്കുവെടി വെക്കേണ്ടി വന്നു. വെള്ളത്തിലിറങ്ങിയ ആനക്ക് മയക്കം വിടാനുള്ള മരുന്നും നൽകി. അല്ലെങ്കിൽ ആനയുടെ ജീവൻ അപകടത്തിലാകുമായിരുന്നു. വിവിധ വകുപ്പുകളിൽ നിന്നായി ഇരുനൂറ്റൻപതിലധികം ജീവനക്കാരുടെ സേവനം മൂന്ന് ദിവസവും പ്രയോജനപ്പെടുത്തി. ഇവർക്കുള്ള ഭക്ഷണച്ചെലവുൾപ്പെടെ വനംവകുപ്പ് വഹിക്കേണ്ടി വന്നു.

അതസമയം, ചിന്നക്കനാലിലെ ആവാസ വ്യവസ്ഥയിൽ കഴിഞ്ഞിരുന്ന ചക്കക്കൊമ്പൻ ആനയെ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ അതിക്രൂരമായി വേട്ടയാടുകയായിരുന്നുവെന്ന് പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കോഎക്സിസ്റ്റൻസ് കലക്ടീവ് കുറ്റപ്പെടുത്തി. കോട്ടയം സി.സി.എഫിന്‍റെ നേതൃത്വത്തിൽ, അന്താരാഷ്ട്ര ഉടമ്പടികളും വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഗൈഡ് ലൈനും എസ്.ഒ.പിയും മാനിക്കാതെ ധിക്കാരപൂർവവും നിയമവിരുദ്ധവുമായി നടന്ന ആനവേട്ടക്ക് നേതൃത്വം നൽകിയവർക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കണം. ചക്കക്കൊമ്പനെ റേഡിയോ കോളർ ചെയ്യുന്നത് അനാവശ്യമായതിനാൽ ശ്രമം ഉപേക്ഷിക്കണം. മൂന്നു ദിവസമായി ചിന്നാറിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരമായ ആനവേട്ടയാണ്. കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ ആനകളുടെ ചുടലപ്പറമ്പായി മാറി.

ചക്കക്കൊമ്പനെ പിടിച്ച് തളക്കണമെന്ന് ആവശ്യപ്പെടുന്ന നിലവിലെ പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ, ചില മാധ്യമങ്ങൾ, ടൂറിസം ഓപറേറ്റർമാർ, കൈയേറ്റക്കാർ, മതനേതാക്കൾ എന്നിവരുടെ കൂട്ടുകെട്ടാണ്. ആനകളുടെ സഞ്ചാരം തടസ്സം കൂടാതെ സാധ്യമാക്കണമെന്നും കൂട്ടായ്മക്ക് വേണ്ടി എൻ. ബാദുഷ (വയനാട്), എം.എൻ. ജയചന്ദ്രൻ (ഇടുക്കി), വീണ എം. (മരുതൂർ), അഡ്വ. ടി.എസ്. സന്തോഷ് (എറണാകുളം), സുലൈമാൻ (ഇടുക്കി), അൻവർ സാദത്ത് (നിലമ്പൂർ) എന്നിവർ ആവശ്യപ്പെട്ടു.

More from Kerala

More →