12 ഓവറിൽ വെറും 28 റൺസ്, നാലു വിക്കറ്റ്! രണ്ടാം സെമിയിൽ പ്രോട്ടിയാസിനെ പൂട്ടിയിട്ട് ഓസീസ്

second semi.kerala , malayalam news , the journal

കൊൽക്കത്ത: ഏകദിന ലോകകപ്പ് ഫൈനലിലെ രണ്ടാം അവകാശികൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ആസ്‌ട്രേലിയ. 12 ഓവർ പിന്നിടുമ്പോൾ വെറും 28 റൺസാണ് പ്രോട്ടിയാസിന് സ്‌കോർബോർഡിൽ കൂട്ടിച്ചേർക്കാനായത്. രണ്ട് ഓപണർമാരടക്കം നാല് മുന്‍നിര ബാറ്റര്‍മാരും കൂടാരം കയറുകയും ചെയ്തിട്ടുണ്ട്.

ആദ്യ ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമയെ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന്റെ കൈയിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് ആണ് ആക്രമണത്തിനു തുടക്കമിട്ടത്. സുപ്രധാന പോരാട്ടത്തില്‍ ഒരു റൺസും നേടാനാകാതെയാണ് ബാവുമ മടങ്ങിയത്. താളം കിട്ടാതെ തപ്പിത്തടഞ്ഞ ക്വിന്റൻ ഡീകോക്കിനെ(14 പന്തിൽ മൂന്ന്) ജോഷ് ഹേസൽവുഡ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ കൈയിലുമെത്തിച്ചു.

ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ അനങ്ങാൻ അനുവദിക്കാതെ പൂട്ടിക്കെട്ടിയിരിക്കുകയാണ് ഹേസൽവുഡും സ്റ്റാർക്കും. ഇരുവവർക്കും മുന്നിൽ റൺ കണ്ടെത്താനാകാതെ പതറുകയായിരുന്നു ഐഡൻ മാർക്രാമും റസി വാൻ ഡെർ ഡസ്സനും. തപ്പിത്തടഞ്ഞ മാർക്രാമിനെ ഡേവിഡ് വാർണറുടെ കൈയിലെത്തിച്ച് വീണ്ടും സ്റ്റാർക്കിന്റെ ഷോക്ക്. 20 പന്തിൽ 10 റൺസെടുത്താണു താരം മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ഡസ്സനെ സ്റ്റീവ് സ്മിത്തിന്റെ കൈയിലെത്തിച്ച് ഹേസൽവുഡ് ദക്ഷിണാഫ്രിക്കൻ പതനത്തിന്റെ ആക്കം കൂട്ടി. 31 പന്ത് നേരിട്ട് വെറും ആറു റൺസുമായാണ് ഡസ്സൻ തിരിച്ചുനടന്നത്.

Leave a Reply

Your email address will not be published. Required fields are marked *