ആറുവയസ്സുകാരിയുടെ കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി

Murder of six-year-old girl; The court said that the investigating officer had failed

 

ഇടുക്കി: വണ്ടിപ്പെരിയാറ്റിലെ ആറുവയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചതെന്നും ഇയാളുടെ വിശ്വാസ്യത സംശയകരമാണെന്നും കോടതി വിധിപ്പകർപ്പിൽ ചൂണ്ടിക്കാട്ടുന്നു. തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും വിരലടയാള വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചില്ലെന്നും വിധിയിൽ പറയുന്നു.

പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പൊലീസ് കണ്ടെത്തിയിരിക്കുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും യഥാർഥ പ്രതിയെ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അന്വേഷണം ശരിയായ രീതിയിലായിരുന്നെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്.

കൊലപാതകം, പോക്‌സോ വകുപ്പുകളാണ് പ്രതി അർജുനെതിരെ ചുമത്തിയിരുന്നത്. എന്നാൽ പ്രോസിക്യൂഷന് ഈ കുറ്റങ്ങളൊന്നും തെളിയിക്കാൻ സാധിക്കാഞ്ഞതിനാൽ അർജുനെ വെറുതെ വിടുകയായിരുന്നു

2021 ജൂൺ 30 നാണ് ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാള്‍ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. മൂന്ന് വയസുമുതൽ അര്‍ജുന്‍ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്നും മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം മുതലെടുത്തായിരുന്നു പീഡനത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.. 2021 സെപ്തംബർ 21ന് ഈ കേസിലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *