മലപ്പുറത്ത് വിദ്യാർഥികളെ ഇടിച് വീഴ്ത്തി സ്വകാര്യ ബസ്

മലപ്പുറത്ത് വിദ്യാർഥികളെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ ബസ് പുളിക്കൽ ഐക്കരപ്പടി കുറിയേടത്ത് നാട്ടുകാർ തടഞ്ഞിട്ടു. രാത്രി ബസ് കൊണ്ടു പോകാൻ ശ്രമിച്ചതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ചു പ്രതിഷേധിച്ചു. മണിക്കൂറുകളുടെ സംഘർ ഷാവസ്‌ഥയ്ക്കൊടുവിൽ അർധ രാത്രിയോടെ ബസ്, മലപ്പുറം പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി. പരാതികളിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന ഉറപ്പിനെ തുടർന്നാണു നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
മലപ്പുറം പോളിടെക്‌നിക് വിദ്യാർഥികളും ചെറുകാവ് സ്വദേശികളുമായ എം.അജിൻ, കെ.ജവാദ് എന്നിവർക്കാണ് മലപ്പുറം മേൽമുറിയിൽ വച്ച് ബസ് ഇടിച്ചു പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയ്ക്കാണു സംഭവം. പരുക്കേറ്റ വിദ്യാർഥികളെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു വിദ്യാർഥിക്ക് കയ്യിനു ഗുരുതര പരു ക്കേറ്റിട്ടുണ്ട്. വിദ്യാർഥികൾ കൈകാണിച്ചപ്പോൾ ബസ് നിർത്താതെ തട്ടിയിട്ട് പോവുകയായിരുന്നെന്ന് നാട്ടുകാർ. ഇക്കാര്യമറിഞ്ഞ് 5 മണിയോടെ കുറിയേടത്ത് ബസ് എത്തിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു.
ഈ ബസ്സിനെതിരെ പലതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടി പ്രവർത്തകരെത്തി കൊടിനാട്ടുകയും ചെയ്തു. ഇതു കഴിഞ്ഞ് രാത്രി ഏഴരയോടെ ബസ് കൊണ്ടുപോകാൻ ആളുകളെത്തിയപ്പോൾ നാട്ടുകാർ വീണ്ടും സംഘടിക്കുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും കേസെടുക്കാതെ ബസ് വിട്ടുനൽകില്ലെന്ന് നാട്ടുകാർ അറിയിച്ചു. പിന്നീട് കൂടുതൽ പേർ സംഘടിച്ചതോടെ സമീപ സ്‌റ്റേഷനുകളിൽനിന്നു കൂടുതൽ പൊലീസുകാരും സ്‌ഥല ത്തെത്തി.
ഏറെനേരം സംഘർഷാവസ്‌ഥ നിലനിന്നു. കർശന നടപടി വേണമെന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചു. പരാതികളിൽ കേസെടുക്കുമെന്നും അന്വേഷണം നടക്കുമെന്നും പൊലീസ് ഉദ്യോഗസ്‌ഥർ ഉറപ്പു നൽകിയതോടെ, രാത്രി പതിനൊന്നരയ്ക്കാണു ബസ് കൊണ്ടു പോകാനായത്. ബസ് മലപ്പുറം സ്‌റ്റേഷനിലേക്ക് മാറ്റിയതായും പരാതികളിൽ നടപടിയുണ്ടാകുമെന്നും പൊലീസ്.