പൂർണ്ണമായും അടിയുറച്ചു നിൽക്കുന്നു, കഴിഞ്ഞ അഞ്ച് വർഷം ആറന്മുള നാഥനില്ലാ കളരിയായിരുന്നു; വീണ ജോർജിനെ തള്ളി അബിൻ വർക്കി

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിലവിലെ എംഎൽഎ അബിൻ വർക്കിയും മുൻ എംഎൽഎയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. 2021 മുതൽ 2026 വരെയുള്ള കാലയളവിൽ മണ്ഡലത്തിന് അനുവദിച്ച ആസ്തി വികസന ഫണ്ടിൽ ഭൂരിഭാഗവും വിനിയോഗിച്ചില്ലെന്നാണ് അബിൻ വർക്കിയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ തള്ളിയ വീണാ ജോർജ്, പൂർത്തീകരിച്ചതും നിർമാണത്തിലിരിക്കുന്നതുമായ പദ്ധതികളുടെ വിവരങ്ങളും ചിത്രങ്ങളും പങ്കുവെച്ചാണ് മറുപടി നൽകിയത്.
വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് മുൻ എംഎൽഎയുടെ കാലത്തെ ഫണ്ട് വിനിയോഗത്തിലെ വീഴ്ചകൾ പുറത്തുകൊണ്ടുവരുന്നതെന്ന് അബിൻ വർക്കി വ്യക്തമാക്കി. 2021-22 സാമ്പത്തിക വർഷത്തിൽ കോവിഡ് പ്രത്യേക സാഹചര്യത്തിൽ അനുവദിച്ച ഒരു കോടി രൂപയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു രൂപ പോലും പദ്ധതികൾക്കായി പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നാണ് രേഖ ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിലെ സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ടിൽ അനുവദിച്ച ഒരു കോടി രൂപയിലും പദ്ധതികൾക്ക് പ്രൊപ്പോസൽ നൽകുകയോ ഭരണാനുമതി നേടുകയോ ചെയ്തിട്ടില്ലെന്നും ആരോപിച്ചു.
2021 മുതൽ 2026 വരെയുള്ള കാലയളവിൽ അനുവദിച്ച 26 കോടി രൂപയിൽ ഏകദേശം 25 കോടി രൂപയും ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നതെന്ന് അബിൻ വർക്കി അവകാശപ്പെട്ടു. 2026 മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് വർഷത്തെ പദ്ധതികൾ ഒരുമിച്ച് സമർപ്പിക്കുന്നതിനും ഭരണാനുമതി നേടുന്നതിനുമായി പ്രത്യേക സർക്കാർ അനുമതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി പദ്ധതികൾ സമർപ്പിച്ചെങ്കിലും അവയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടിട്ടുണ്ടെന്നും അബിൻ വ്യക്തമാക്കി.
മുൻ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയതായി അവകാശപ്പെടുന്ന ചില റോഡുകളുടെ നിർമാണ പുരോഗതിയും അബിൻ വർക്കി ചോദ്യം ചെയ്തു. ഇടപ്പരിയാരം-മുക്കോട് റോഡ്, കുമ്പഴ-കോന്നി-വെട്ടൂർ റോഡ്, മൂലൂർ റോഡ്, ഉളനാട്-പാണിൽ റോഡ് തുടങ്ങിയവയുടെ നിർമാണം സംബന്ധിച്ച് അദ്ദേഹം വിശദീകരണം നൽകി. ചില റോഡുകളുടെ നിർമാണം ആരംഭിച്ചിട്ടില്ലെന്നും മറ്റു ചിലതിന്റെ പ്രവൃത്തികൾ പൂർത്തിയായിട്ടില്ലെന്നും ബില്ലുകൾ മാറിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇടപ്പരിയാരം-മുക്കോട്, മൂലൂർ റോഡുകളുടെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഇടപെടൽ നടത്തിവരികയാണെന്നും കുമ്പഴ-കോന്നി-വെട്ടൂർ, ഉളനാട്-പാണിൽ റോഡുകളുടെ നിർമാണത്തിനായി റീകാസ്റ്റ്, റീടെൻഡർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അബിൻ വർക്കി പറഞ്ഞു. താഴുമ്പൽ-പാലാപറമ്പിൽ റോഡിന്റെ ഭൗതിക നിർമാണം രണ്ടാഴ്ച മുമ്പ് പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മുൻ എംഎൽഎ ഉയർത്തുന്ന അവകാശവാദങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും അബിൻ വർക്കി ആരോപിച്ചു. ഇലന്തൂർ കോളേജ്, സിപാസ് കോളേജ് കെട്ടിടം, അബാൻ മേൽപ്പാലം തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണവും പ്രയോജനവും സംബന്ധിച്ചും അദ്ദേഹം വിമർശനമുന്നയിച്ചു. 2021 മുതൽ 2026 വരെയുള്ള കാലയളവിൽ ആറന്മുളയിൽ വികസന മുരടിപ്പാണ് ഉണ്ടായതെന്നും ഫണ്ട് വിനിയോഗത്തിലെ വീഴ്ചകൾ ജനങ്ങൾ അറിയണമെന്നതിനാലാണ് വിവരാവകാശ രേഖകൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപമല്ല തന്റെ ലക്ഷ്യമെന്നും അബിൻ വ്യക്തമാക്കി.
കോഴഞ്ചേരി പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് 99 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും ഈ തുക തടഞ്ഞുവെന്നുമുള്ള പ്രചാരണത്തോടും അബിൻ വർക്കി പ്രതികരിച്ചു. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കിഫ്ബി, പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയിൽ നിർമാണം പൂർത്തിയാകുമ്പോൾ ഏകദേശം ഒരു കോടി രൂപ ശേഷിക്കുമെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ഈ തുക പാലത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചില്ലെങ്കിൽ നഷ്ടമാകാൻ സാധ്യതയുണ്ടെന്നതിനാൽ ലൈറ്റുകൾ സ്ഥാപിക്കാൻ ആ തുക ഉപയോഗപ്പെടുത്തുമെന്നും എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ചിരുന്ന ഒരു കോടി രൂപ മണ്ഡലത്തിലെ മറ്റ് വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കി.
അതേസമയം, ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന അബിൻ വർക്കിയുടെ ആരോപണം വീണാ ജോർജ് തള്ളി. 2022-23 മുതൽ ആറന്മുള മണ്ഡലത്തിൽ പൂർത്തീകരിച്ചതും നിർമാണത്തിലിരിക്കുന്നതുമായ വിവിധ പദ്ധതികളുടെ ചിത്രങ്ങളും ടെൻഡർ ചെയ്ത പ്രവൃത്തികളുടെ ഔദ്യോഗിക രേഖകളും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, വള്ളംകുളം യു.പി. സ്കൂൾ, കോഴഞ്ചേരി മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡും സൗന്ദര്യവത്കരണവും, മൂലൂർ റോഡ്, താഴുമ്പാൽ പടി-പാലമ്പറമ്പിൽ പടി-പൂവത്തൂർ ജങ്ഷൻ-മാവേലി വടക്കേതിൽ ലിങ്ക് റോഡ്, ആനപ്പാറ സ്കൂൾ, കുമ്പഴ-കോന്നി-വെട്ടൂർ റോഡ്, ഉളനാട്-പോസ്റ്റ് ഓഫീസ് പടി-പാണിൽ റോഡ്, ഇലന്തൂർ-ഇടപ്പരിയാരം-മുക്കോട് റോഡ് തുടങ്ങിയ പദ്ധതികളാണ് വീണാ ജോർജ് ചൂണ്ടിക്കാട്ടിയത്.
കോഴഞ്ചേരി പുതിയ പാലത്തിലെ ആർച്ച് ലൈറ്റുകൾ, പത്തനംതിട്ട സ്റ്റേഡിയത്തിലെ വി.ഐ.പി പവലിയൻ തുടങ്ങിയ പദ്ധതികൾക്കും പ്രത്യേക അനുമതി നേടിയിരുന്നുവെന്നും അവർ വ്യക്തമാക്കി. പാലത്തിന്റെയും സ്റ്റേഡിയത്തിന്റെയും പ്രധാന നിർമാണം പൂർത്തിയായ ശേഷമാണ് എംഎൽഎ ഫണ്ടിൽനിന്നുള്ള അനുബന്ധ പ്രവൃത്തികൾ നടപ്പാക്കാൻ സാധിക്കുമായിരുന്നതെന്നും അതിനായി ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടി ലഭ്യമാക്കിയിരുന്നുവെന്നും വീണാ ജോർജ് വിശദീകരിച്ചു.
