‘ഓർമക്കുറിപ്പിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങളിൽ മാപ്പ് പറയണം’; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്

ന്യൂഡൽഹി: അടുത്തിടെ പുറത്തിറങ്ങിയ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന ഓർമ്മക്കുറിപ്പിൽ സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്. സവർക്കറുടെ ചെറുമകൻ (സഹോദരപുത്രൻ്റെ മകൻ) സത്യകി സവർക്കറാണ് അഭിഭാഷകനായ സംഗ്രാം കോൽഹത്കർ മുഖേന നോട്ടീസ് അയച്ചത്.

പുസ്തകത്തിൽ സവർക്കറെ വളച്ചൊടിച്ച് ചിത്രീകരിച്ചിരിക്കുകയാണെന്നും ഇത് തിരുത്തി നിരുപാധികം മാപ്പ് പറയണമെന്നുമാണ് നോട്ടീസിലെ ആവശ്യം. ഓർമ്മക്കുറിപ്പിലെ 201, 443 പേജുകളിലെ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. ഇവ വസ്തുതാവിരുദ്ധവും ചരിത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും സവർക്കറുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നതാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

ഓർമക്കുറിപ്പിൻ്റെ 201ാം പേജിലെ പരാമർശമാണ് നോട്ടീസിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ‘കോൺഗ്രസ് സ്വാതന്ത്ര്യസമര സേനാനികൾ ബ്രിട്ടീഷ് ഭരണാധികാരികളുടെ മർദ്ദനങ്ങളും ജയിൽവാസവും സഹിക്കുമ്പോൾ, സവർക്കറെപ്പോലുള്ള മുതിർന്ന ആർ എസ് എസ് സൈദ്ധാന്തികർ ബ്രിട്ടീഷ് യജമാനന്മാർക്ക് ദയാഹർജികൾ എഴുതുകയായിരുന്നു സംഘടനയിലെ അംഗങ്ങൾ ബ്രിട്ടീഷ് അധികാരികൾക്ക് വേണ്ടി ഒറ്റുകാരായി മാറി എന്നാണ് ആ ഭാഗത്ത് പറയുന്നത്.

പുസ്തകത്തിലെ 443ാം പേജിലുള്ള മറ്റൊരു പരാമർശത്തിനെതിരെയും നോട്ടീസിൽ എതിർപ്പ് ഉന്നയിക്കുന്നുണ്ട്. ഹിന്ദുത്വ ആശയത്തിന്‍റെ സ്ഥാപകനായാണ് സവർക്കറെ ഈ ഭാഗത്ത് വിശേഷിപ്പിക്കുന്നത്. ഇന്ത്യയെ പ്രധാനമായും ഹിന്ദുക്കൾക്ക് മേധാവിത്വമുള്ള രാഷ്ട്രമായാണ് അദ്ദേഹം വിഭാവനം ചെയ്തതെന്നും പുസ്തകത്തിൽ പറയുന്നു.

വക്കീൽ നോട്ടീസ് അനുസരിച്ച് രണ്ട് പ്രസ്താവനകളും ചോർത്ത് വായിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിലെ സവർക്കറുടെ പങ്കിനെയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ദർശനത്തെയും വികലമായ രീതിയിലാണ് അവതരിപ്പിച്ചിരുക്കുന്നത്. വിവാദ പരാമർശങ്ങൾ തിരുത്തി വിശദീകരണം നൽകണമെന്നാണ് സത്യാകി സവർക്കറുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *