സ്ത്രീ മരിച്ച സംഭവം; നടൻ അല്ലു അർജുൻ അറസ്റ്റിൽ
ഹൈദരാബാദ്: നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ നടന്റെ വസതിയിൽ എത്തിയായിരുന്നു അറസ്റ്റ്. പുഷ്പ 2 സിനിമയുടെ റിലീസിന് മുൻപ് നടത്തിയ പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് നടപടി. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് പോലീസ് സ്റ്റേഷനിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
ഈ മാസം നാലാം തിയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പ്രീമിയർ ഷോക്കായി അല്ലു അർജുനും രശ്‌മിക മന്ദാനയും എത്തിയതിന് പിന്നാലെയാണ് തിയേറ്ററിൽ വലിയ തിരക്കുണ്ടായത്. ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് രേവതി സിനിമ കാണാൻ എത്തിയത്. എന്നാൽ തിരക്ക് കൂടിയതോടെ രേവതി കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അല്ലു അർജുൻ പ്രതി ചേർത്തത്. എന്നാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.