എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
എറണാകുളം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സർക്കാർ പറഞ്ഞു. നാളെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും കേസിൽ നവീൻ ബാബുവിന്റെ കുടുംബത്തോട് നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ഇതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജിയിൽ കണ്ണൂർ കലക്ടർക്കും ടി.വി പ്രശാന്തിനും കോടതി നോട്ടീസയക്കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിലെ ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ ഹരജി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ തുടങ്ങിയവ സംരക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാൽ കേസിൽ കക്ഷിയല്ലാത്ത കലക്ടറുടെയും പ്രശാന്തന്റെയും ഫോൺ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയുടെ ലംഘനമാവുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് രണ്ടുപേർക്കും നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചത്. ഹരജി ഈ മാസം 10ന് വീണ്ടും പരിഗണിക്കും.