'ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുമ്പേ വിവാഹമോചനം ഉറപ്പ്’; പരിഹാസവുമായി എ.കെ. ബാലൻ

പാലക്കാട്: കോൺഗ്രസിലെ ഗ്രൂപ്പ് പോരും യു.ഡി.എഫ് മന്ത്രിസഭയിലെ അഭിപ്രായഭിന്നതകളും പരസ്യ ചർച്ചയാകുന്നതിനിടെ പരിഹാസവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ‘ഇതാണ് ഹണിമൂണെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുമ്പ് ഡിവോഴ്‌സ് നടക്കുമെന്ന് ഉറപ്പാണ്. ഞാൻ അതിലേക്ക് കൂടുതൽ കടക്കാൻ ആഗ്രഹിക്കുന്നില്ല’ -എ.കെ. ബാലൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാക്കി ഷാഫി പറമ്പിൽ എം.പിക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ വീണ്ടും രംഗത്തെത്തി. തനിക്കെതിരായ സൈബർ ആക്രമണങ്ങൾ തുടർന്നാൽ കൈവശമുള്ള ‘ഡയറി’ തുറക്കേണ്ടിവരുമെന്നാണ് ഉണ്ണിത്താന്റെ മുന്നറിയിപ്പ്. ‘ശിഷ്യനും ആശാനും’ കൊള്ളുന്ന കാര്യങ്ങളാണ് അതിലുള്ളതെന്നും തന്നെ അനാവശ്യമായി പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നേ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിലിനെ എ ഗ്രൂപ്പിന്റെ ഭാഗമായി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന നിലപാടും ഉണ്ണിത്താൻ ആവർത്തിച്ചു. ‘ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സു’കാരുടെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയമ്മ, മകൾ മറിയം, ചാണ്ടി ഉമ്മൻ എന്നിവരുടെ അംഗീകാരം മാത്രമാണ് തനിക്ക് വേണ്ടത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനുവേണ്ടി താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് അവർക്ക് നന്നായി അറിയാമെന്നും ഉണ്ണിത്താൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മോശമായപ്പോൾ അദ്ദേഹത്തെ കൈവിട്ടവരാണ് ഇപ്പോൾ ‘സ്കൂൾ ഓഫ് പൊളിറ്റിക്സ്’ എന്ന പേരിൽ രംഗത്തുവരുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞെന്ന് കരുതി മറുകണ്ടം ചാടിയവരാണ് ഇവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടും ഉണ്ണിത്താൻ ഗുരുതര ആരോപണമുന്നയിച്ചു. സംസാരശേഷി നഷ്ടപ്പെട്ട ഘട്ടത്തിൽ ഉമ്മൻ ചാണ്ടി എഴുതിനൽകിയ കുറിപ്പിൽ കഴക്കൂട്ടം സ്വദേശിയായ അഖിലിന്റെ പേരാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നത്. ആ കുറിപ്പ് വലിച്ചുകീറിയാണ് ‘അടൂർക്കാരൻ ശിഷ്യനെ’ അധ്യക്ഷനാക്കിയതെന്നാണ് ഉണ്ണിത്താന്റെ ആരോപണം. തനിക്കെതിരായ സൈബർ ആക്രമണങ്ങളുടെ ഉറവിടം അടൂരിലെ ഒരു വീടാണെന്ന സൂചനയും അദ്ദേഹം നൽകി.

ഇതുവരെ ആരുടെയും വ്യക്തിപരമായ കാര്യങ്ങൾ പരസ്യമായി പറഞ്ഞിട്ടില്ലെന്നും പറഞ്ഞ ഒരേയൊരു കാര്യത്തിന്റെ പേരിൽ തന്നെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ഭയന്ന് പിന്നോട്ടുപോകില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. മരണം വിഴുങ്ങിയാലും മുന്നോട്ടുതന്നെ കുതിക്കുമെന്നും മുന്നിലെ മുള്ളുകൾ ചവിട്ടിമെതിക്കുമെന്നും അദ്ദേഹം പറഞ്ഞു.