ജീവകാരുണ്യത്തിന് കൈത്താങ്ങ്: അല്‍താഫ് മോന്റെ ഓര്‍മ്മക്കായി ആംബുലന്‍സ് നാളെ നാടിന് സമര്‍പ്പിക്കും

Ambulance will be dedicated in memory of Altaf Mon

അകാലത്തില്‍ വിട പറഞ്ഞ ഗോതമ്പറോഡിലെ അല്‍താഫ് മോന്റെ ഓര്‍മകള്‍ ഇനി ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ജീവിക്കും. അര്‍ബുദം ബാധിച്ച് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ചികിത്സയിലിരിക്കെയാണ് അല്‍താഫ് മോന്‍ അകാലത്തില്‍ വിടവാങ്ങിയത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ അല്‍താഫ് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ എണ്‍പത്തിയൊന്ന് ലക്ഷം രൂപ സമാഹരിച്ചിരുന്നു.
ഒക്ടോബര്‍ 29ന് രാവിലെ പിതാവ് ഹനീഫയുടെ താടിയില്‍ തലോടി ‘ഞാന്‍ പോവുകയാണ്, നിങ്ങള്‍ ദുഖിക്കരുത്. സന്തോഷത്തോടെ ജീവിക്കണം’ എന്നു പറഞ്ഞ് അല്‍താഫ് മോന്‍ ഈ ലോകത്തോട് യാത്ര പറയുകയായിരുന്നു.
ചികിത്സാ ഫണ്ടില്‍ ബാക്കി വന്ന തുക നന്മയുള്ള ഈ നാടിന് തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹം പിതാവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. പത്ത് ലക്ഷത്തോളം രൂപ ആംബുലന്‍സിനും, ബാക്കി സംഖ്യ ചികിത്സിക്കാന്‍ പണമില്ലാതെ മാരകരോഗങ്ങളാല്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്കും കൈമാറുകയായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ അല്‍താഫിന്റെ നാമധേയത്തിലുള്ള ആംബുലന്‍സ് നിര്‍ധ രോഗികള്‍ക്ക് സൗജന്യ സേവനം ചെയ്യും. എന്റെ ഗോതമ്പറോഡ് കൂട്ടായ്മയുടെ നേതൃത്ത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ആംബുലന്‍സ് സമര്‍പ്പണം നാളെ (ഡിസംബര്‍ 7 വ്യാഴം) വൈകുന്നേരം നാലര മണിക്ക് ഗോതമ്പറോഡില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വക്കറ്റ് ഷമീര്‍ കുന്നമംഗലം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് താക്കോല്‍ കൈമാറി നാടിനു സമര്‍പ്പിക്കും. Ambulance will be dedicated in memory of Altaf Mon

Leave a Reply

Your email address will not be published. Required fields are marked *