വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
കോഴിക്കോട്: ആഴ്ചകളുടെ ഇടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുമ്പാണ് രോഗലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സ തേടുന്നത്. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. രോഗം ബാധിച്ച ഉറവിടം ഇതുവരെ വ്യക്തമല്ല. കിണർ വെള്ള സാംപിൾ പരിശോധനക്കായി അയച്ചതായി അധികൃതർ അറിയിച്ചു. പരിശോധനാ ഫലം പുറത്തുവന്ന ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരിക്കുമെന്ന് കൗൺസിലർ അറിയിച്ചു.
ഈ വർഷത്തിൽ അമീബിക് മസ്തിഷ്ക ജ്വരം കാരണം റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അമീബിഷ് മസ്തിഷ്ക ജ്വരത്തെ തുടർന്ന് നാൽപതിനടുത്ത് ആളുകൾ മരിച്ചിട്ടുണ്ട്. 200ഓളം പേർക്ക് രോഗം ബാധിച്ചു.
വെള്ളത്തിൽനിന്നാണ് രോഗം വരുന്നതെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കരുതെന്നുമാണ് അധികൃതർ നിരന്തരം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ, കഴിഞ്ഞ വർഷം മരണപ്പെട്ടവരിൽ വർഷങ്ങളായി ശരീരം തളർന്ന നിലയിലുള്ള കിടപ്പുരോഗികളും ഉൾപ്പെട്ടത് ആരോഗ്യ വിദഗ്ധരിലും ആശങ്ക സൃഷ്ടിച്ചു. ഇവർ എങ്ങനെ രോഗബാധിതരായി എന്നതിൽ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.
