കേരളം ബി.ജെ.പി ഭരിക്കുന്ന കാലം അകലെയല്ലെന്ന് അനിൽ ആന്റണി; ‘ക്രൈസ്തവർ ഇക്കുറി ബി.ജെ.പിക്കൊപ്പം’



തിരുവനന്തപുരം: കേരളം ബി.ജെ.പി ഭരിക്കുന്ന കാലം അകലെയല്ലെന്ന് ബി.ജെ.പി നേതാവ് അനിൽ ആന്റണി. ക്രൈസ്തവർ ഇത്തവണ ബി.ജെ.പിക്കൊപ്പമാണുള്ളത്. ഇന്ന് വികസ​നത്തെ കുറിച്ച് സംസാരിക്കുന്ന ഒരു പാർട്ടിയെ രാജ്യത്തുള്ളൂ, അത് ബി.ജെ.പിയാണെന്നും അനിൽ ആന്റണി പറഞ്ഞു.

കേരളത്തിൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ബി.ജെ.പി വളർന്നുകൊണ്ടിരിക്കുകയാണ്. 2006-ൽ കേരളത്തിൽ അഞ്ച് ശതമാനം മാത്രമായിരുന്നു ബി.ജെ.പിക്കുള്ള വോട്ട് വിഹിതം. ഇപ്പോഴത് 20 ശതമാനമായി വളർന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ 2000ത്തോളം മെമ്പർമാർ ബി.​ജെ.പിക്കുണ്ടായി. പടിപടിയായി വളർച്ചയാണ് ബി.ജെ.പിക്കുള്ളത്.

ക്രൈസ്തവരിപ്പോൾ ബി.ജെ.പിക്കൊപ്പം തന്നെയാണ്. മണിപ്പൂരിൽ 40 ശതമാനം ക്രൈസ്തവരാണുള്ളത്. എന്നാൽ, അവിടെ ഭരിക്കുന്നത് ബി.​ജെ.പിയാണ്. ക്രൈസ്തവർ മാത്രമല്ല മറ്റുസമുദായങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്യുകയാണിപ്പോൾ.

ഞാൻ മത്സരിക്കണോയെന്ന് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. ഇത്തവണ അത്തര​മൊരു തീരുമാനമുണ്ടായില്ല, അതിനാൽ മത്സര രംഗത്തില്ലെന്നും അനിൽ ആന്റണി പറഞ്ഞു. എന്നാൽ, ​പ്രചാരണ രംഗത്ത് സജീവമാകുമെന്നും അനിൽ ആന്റണി പറഞ്ഞു.