‘എ.ആർ ലോകത്തെ ഏറ്റവും മികച്ച പുരുഷൻ; അത്രയും ഇഷ്ടം’; വ്യാജ പ്രചാരണം നിര്‍ത്തണം, ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് സൈറാ ബാനു
ചെന്നൈ: സംഗീതജ്ഞൻ എ.ആർ റഹ്മാനുമായി വേർപിരിഞ്ഞതായുള്ള റിപ്പോർട്ടുകളിൽ കൂടുതൽ വിശദീകരണവുമായി സൈറാ ബാനു. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാൽ ചികിത്സയ്ക്കായി ചെന്നൈയിൽനിന്ന് മുംബൈയിലെത്തിയതാണെന്നും റഹ്മാനിൽനിന്നു മാറിനിന്നതാണെന്നും അവർ അറിയിച്ചു. റഹ്മാനെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിയ സൈറ അദ്ദേഹം ലോകത്തെ തന്നെ ഏറ്റവും മികച്ച പുരുഷനാണെന്നും വ്യാജ ആരോപണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശബ്ദസന്ദേശത്തിലൂടെയാണ് സൈറാ ബാനു പ്രതികരിച്ചതെന്ന് ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.fake
‘ഏതാനും മാസമായി ശാരീരികമായി നല്ല സുഖത്തിലായിരുന്നില്ല ഞാൻ. അതുകൊണ്ടാണ് എ.ആറിൽനിന്ന് ഒരു ഇടവേളയെടുക്കണമെന്ന് ആഗ്രഹിച്ചത്. പക്ഷേ, അദ്ദേഹത്തെ കുറിച്ച് മോശമായി ഒന്നും പറയരുതെന്നാണു മുഴുവൻ യൂട്യൂബർമാരോടും തമിഴ് മാധ്യമങ്ങളോടും അപേക്ഷിക്കാനുള്ളത്. കിടിലൻ മനുഷ്യനാണ് അദ്ദേഹം; ലോകത്തെ തന്നെ ഏറ്റവും മികച്ച പുരുഷൻ.’
തന്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് ചെന്നൈ വിട്ടതെന്നും സൈറാ ബാനു പറഞ്ഞു. ചെന്നൈയിലല്ലെങ്കിൽ സൈറ എവിടെയാണെന്നാകും നിങ്ങൾ അന്വേഷിക്കുന്നത്. ഞാൻ ബോംബെയിലാണുള്ളത്. ചികിത്സയുമായി മുന്നോട്ടുപോകുകയാണ്. എ.ആറിന്റെ ചെന്നൈയിലെ തിരക്കുപിടിച്ച ഷെഡ്യൂൾ മൂലം ഇതു നടക്കില്ല. അദ്ദേഹത്തെയോ മക്കളെയോ ആരെയും ശല്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.
കിടിലൻ മനുഷ്യനാണ് റഹ്മാനെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സൈറ ആവശ്യപ്പെട്ടു. ബേസ് ആർടിസ്റ്റ് മോഹിനി ഡേയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന അഭ്യൂഹങ്ങളും അവർ തള്ളി. ‘അദ്ദേഹത്തെ എനിക്കു പൂർണമായ വിശ്വാസമുണ്ട്. അത്രയും ഇഷ്ടമാണ് അദ്ദേഹത്തെ. അത്രയും അദ്ദേഹം ചെയ്യുന്നുമുണ്ട്. അതുകൊണ്ട്, ഈ വ്യാജ ആരോപണങ്ങളെല്ലാം നിർത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും.’-സൈറ ആവശ്യപ്പെട്ടു.
തങ്ങൾ മാറിനിൽക്കുകയാണെന്നും ഒന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ചികിത്സ പൂർത്തിയായാൽ ചെന്നൈയിലേക്കു തിരിച്ചെത്തും. അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സൈറാ ബാനു അപേക്ഷിച്ചു.
ദിവസങ്ങൾക്കുമുൻപ് സൈറാ ബാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെ കുറിച്ചുള്ള സൂചനകളുമായി വാർത്താകുറിപ്പ് പുറത്തിറക്കിയത്. വർഷങ്ങൾ നീണ്ട ദാമ്പത്യജീവിതത്തിനുശേഷം സൈറയും എ.ആർ റഹ്മാനും വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണെന്നും അത്യധികം വേദനയോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നുമായിരുന്നു കുറിപ്പിൽ അറിയിച്ചത്. ഇരുവരും തമ്മിലുള്ള ദാമ്പത്യപ്രശ്‌നങ്ങളെ കുറിച്ചും വാർത്താകുറിപ്പിൽ സൂചിപ്പിച്ചിരുന്നു. പിന്നീട് എ.ആർ റഹ്മാനും സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്തകളോട് പ്രതികരിച്ചു. 30 വർഷം പിന്നിടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും എന്നാൽ മറ്റൊരു തലത്തിലേക്കാണു കാര്യങ്ങൾ പോയതെന്നും അദ്ദേഹം പറഞ്ഞു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറക്കുന്നുണ്ടാകുമെന്നും റഹ്മാൻ കുറിച്ചു.