അർജന്റീന ഷൂട്ട്, എതിരാളി ഔട്ട്; ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പങ്കെടുത്ത ടീം

ന്യൂയോർക്: ഫുട്ബാൾ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പങ്കെടുത്തതും വിജയം നേടിയതുമായ ടീമാണ് അർജന്റീന. ലോകകപ്പിൽ ആകെ കളിച്ച ഏഴ് ഷൂട്ടൗട്ടുകളിൽ ആറെണ്ണത്തിലും അവസാന ചിരി അർജന്റൈൻ താരങ്ങളുടേതായിരുന്നു. 1990 മുതൽ 2022 വരെയുള്ള കാലയളവിൽ 85.7% വിജയശതമാനമാണ് ടീമിനുള്ളത്.

1978ൽ ഫിഫ പെനാൽറ്റി ഷൂട്ടൗട്ടുകൾ അവതരിപ്പിച്ചതിനുശേഷം, ലോകകപ്പിൽ നടന്ന ആകെ ഷൂട്ടൗട്ടുകളുടെ ഏകദേശം 20 ശതമാനത്തിലും അർജന്റീന ഭാഗമായിട്ടുണ്ട്. ടൈബ്രേക്കറുകളിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് അവരുടെ ഇതിഹാസ ഗോൾകീപ്പർമാരുടെ പ്രകടനങ്ങളാണ്. 1990 ലോകകപ്പിൽ പകരക്കാരനായി ഇറങ്ങി രണ്ട് ഷൂട്ടൗട്ടുകളിലായി നാല് പെനാൽറ്റികൾ തടുത്തിട്ടിട്ടുണ്ട് സെർജിയോ ഗോയ്‌കോഷ്യ.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റി സേവുകൾ നടത്തിയ റെക്കോഡ് ഇദ്ദേഹത്തിനുണ്ട്. 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ വിജയശിൽപി ഗോളി എമിലിയാനോ മാർട്ടിനെസാ‍യിരുന്നു. തന്റെ മൈൻഡ് ഗെയിമുകളിലൂടെയും മികച്ച ഡൈവിങ്ങുകളിലൂടെയും നെതർലൻഡ്സിനെതിരെ രണ്ടും ഫ്രാൻസിനെതിരെ ഒന്നും പെനാൽറ്റികൾ തടുത്ത് ടീമിന് കിരീടം നേടിക്കൊടുത്തു എമിലി.