കരൾ മാറ്റിവയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു; പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി അഞ്ജല യാത്രയായി

Attempt to transplant liver failed; Anjala leaves with tears in her eyes

 

കോഴിക്കോട് ; കോഴിക്കോട് പേരാമ്പ്ര കടിയടങ്ങാട് സ്വദേശിയും മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‍സി അവസാന വർഷ വിദ്യാർഥിയുമായ കല്ലൂർ ഹൗസിൽ അഞ്ജല ഫാത്തിമ (24) നിര്യാതയായി. ഭക്ഷ്യവിഷബാധയെ തുടർന്ന് കരളിൻ്റെ പ്രവർത്തനം തകരാറിലായ അഞ്ജലയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരൾ മാറ്റിവയ്ക്കേണ്ട സാഹചര്യത്തിൽ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുറത്തെ ഒരാശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം ബാധിച്ച ഒരാളുടെ കരൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിരുന്നു.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആശുപത്രിയും ഒരുങ്ങി. കരൾ എത്തിക്കാനായി എയർ ആംബുലൻസും തയാറാക്കി. എന്നാല്‍ പിന്നീട് മസ്തിഷ്ക മരണം ബാധിച്ചയാളിൽ നിന്ന് പുറത്തെടുത്ത കരൾ മാറ്റി വയ്ക്കുന്നതിന് യോഗ്യമല്ലെന്ന് പരിശോധനകളിൽ ബോധ്യമായതോടെ ആ ശ്രമം ഒഴിവാക്കുകയായിരുന്നു. അവസാന സാധ്യതയും അടഞ്ഞതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ അഞ്ജല മരണത്തിന് കീഴടങ്ങി.

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റുമായ മുഹമ്മദലിയുടെ മകളാണ് ( റഹ്മാനിയ സ്കൂൾ ) മാതാവ് : സബീന കൊടക്കൽ (അധ്യാപിക കൂത്താളി എയുപി സ്കൂൾ ) സഹോദരിമാർ : അംന സയാൻ (പിജി വിദാർഥി )അൽഹ ഫാത്തിമ (വിദ്യാർഥി നൊച്ചാട് ഹയർ സെക്കന്‍ഡറി സ്കൂൾ) ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് കൈപ്രം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *