വധശ്രമ കേസിലെ പ്രതി കണ്ണൂരിൽ അറസ്റ്റിൽ

പൊന്നാനി: പുതുപൊന്നാനിയിൽ യുവാവിന്റെ കഴുത്തിൽ സർജിക്കൽ ബ്ലേഡ് കൊണ്ട് മുറിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. പുതുപൊന്നാനി ചിപ്പിന്റെ ഷഫീക്ക് (38) എന്ന ഉണ്ട ഷഫീക്കിനെയാണ് പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ എസ്. അഷ്‌റഫിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കണ്ണൂർ ആഴികരയിൽ ഒളിവിൽ കഴിയുന്നതിനിടയിൽ അറസ്റ്റ് ചെയ്തത്.

പുതുപൊന്നാനി സ്വദേശിയായ യുവാവിനോട് ലഹരി ചോദിച്ചെത്തിയ ഷഫീക്ക് വാക്കുതർക്കത്തിന് ഒടുവിൽ കൈയിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ കഴുത്തിൽ മുറിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം തിരുവനന്തപുരത്തും കണ്ണൂരിലും മറ്റുമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

ഷഫീക്ക് ലഹരി വിൽപനക്കും ഉപയോഗത്തിനുമായി രണ്ടുമാസം മുമ്പ് പൊന്നാനി പൊലീസിന്റെ പിടിയിലായിട്ടുള്ള പ്രതിയാണ്. പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ എസ്. അഷ്‌റഫ്‌, എസ്‌.ഐ സി.വി. ബിബിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, സിവിൽ പൊലീസ് ഓഫിസർ ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.