അണ്ടർ 17 ലോകകപ്പ്: ബെൽജിയത്തിന് തകർപ്പൻ ജയം

ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഘട്ടമത്സരത്തിൽ ന്യൂസിലൻഡിനെതിരെ ബെൽജിയത്തിന് (6-0) തകർപ്പൻ ജയം. ഇരട്ട ഗോളുകൾ നേടിയ മാറ്റിയോ സോറിയയും, ഒരു ഗോളും നാല് അസിസ്റ്റുകളുമായി കളം നിറഞ്ഞ ജെല്ലെ ഡ്രീസനുമാണ് ബെൽജിയത്തിന് ജയമൊരുക്കിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ പ്രെബെൻ ബ്ലോണ്ടീലിലൂടെ ബെൽജിയം അക്കൗണ്ട് തുറന്നു. 15-ാം മിനിറ്റിലും 18-ാം മിനിറ്റിലും വലകുലുക്കിയ മാറ്റിയോ സോറിയ ബെൽജിയത്തിന്റെ ലീഡ് മൂന്നായി ഉയർത്തി. തുടർന്നും ആക്രമണം അഴിച്ചുവിട്ട ബെൽജിയത്തിനായി 23-ാം മിനിറ്റിൽ ടിനസ് മൂർത്താമറും, 39-ാം മിനിറ്റിൽ കിയാൻ അച്ചാബറും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ബെൽജിയം (5-0) ആധിപത്യം നേടിയിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെൽജിയം പട്ടിക പൂർത്തിയാക്കി. ആദ്യ നാല് ഗോളുകൾക്ക് വഴിയൊരുക്കിയ ജെല്ലെ ഡ്രീസൻ 51-ാം മിനിറ്റിൽ ഗോൾ അടിച്ച് സ്കോർ 6-0 ആയി ഉയർത്തി. രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി മുന്നേറ്റം നടത്താൻ ന്യൂസിലൻഡ് ശ്രമിച്ചെങ്കിലും ബെൽജിയൻ പ്രതിരോധം ഭേദിക്കാനായില്ല. ജയത്തോടെ, നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.
