ശബരിമല തീർഥാടകർക്ക് ആശ്വാസം; ഹൈദരാബാദ്-കൊല്ലം പ്രത്യേക ട്രെയിൻ

കൊല്ലം: ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് തീർഥാടകരുടെ തിരക്ക് പരിഹരിക്കാൻ സിർപൂർ കാഗസ്നഗർ-കൊല്ലം, കൊല്ലം-ഹൈദരാബാദ് റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവിസ് നടത്തും. ഡിസംബർ 11, 25 തീയതികളിൽ സിർപൂർ കാഗസ്നഗറിൽനിന്ന് കൊല്ലത്തേക്കും ഡിസംബർ 12, 26 തീയതികളിൽ കൊല്ലത്തുനിന്ന് ഹൈദരാബാദിലേക്കുമാണ് സർവിസ്.
07171 സിർപൂർ കാഗസ്നഗർ-കൊല്ലം ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് ഡിസംബർ 11, 25 തീയതികളിൽ പുലർച്ചെ നാലിന് സിർപൂർ കാഗസ്നഗറിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം വൈകീട്ട് 4.55ന് കൊല്ലം ജങ്ഷനിലെത്തും. രണ്ടു സർവിസുകളാണുണ്ടാകുക. തിരിച്ച് 07172 കൊല്ലം-ഹൈദരാബാദ് ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് ഡിസംബർ 12, 26 തീയതികളിൽ രാത്രി 7.30ന് കൊല്ലം ജങ്ഷനിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ നാലിന് ഹൈദരാബാദിലെത്തും. ഈ ട്രെയിനും രണ്ടു സർവിസുകളാണ് നടത്തുക.
സിർപൂർ കാഗസ്നഗർ-കൊല്ലം ട്രെയിൻ 07171 പാലക്കാട് ജങ്ഷനിൽ ശനിയാഴ്ചകളിൽ രാവിലെ 9.30ന് എത്തി, 9.35ന് പുറപ്പെടും. കൊല്ലം-ഹൈദരാബാദ് ട്രെയിൻ 07172 പാലക്കാട് ജങ്ഷനിൽ ഞായറാഴ്ചകളിൽ പുലർച്ചെ 1.57ന് എത്തി, രണ്ടിന് പുറപ്പെടും. 07171 ട്രെയിനിന് കേരളത്തിൽ തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. 07172 കൊല്ലം-ഹൈദരാബാദ് ട്രെയിനിന് ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ശബരിമല സീസണുമായി ബന്ധപ്പെട്ട് ചെന്നൈ-കൊല്ലം റൂട്ടില്‍ നാല് പ്രത്യേക ട്രെയിനുകള്‍ നേരത്തെ അനുവദിച്ചിരുന്നു.
