ബാഴ്സയുടെ ഹൃദയം തകർത്ത് ബെല്ലിങ്ഹാം; എൽക്ലാസികോയിൽ റയൽ
മാഡ്രിഡ്: സാന്റിയാഗോ ബെർണബ്യൂവിൽ സ്പെയിനിലെ വമ്പൻമാർ ഏറ്റുമുട്ടിയപ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ലഭിച്ചത് ഉഗ്രൻ മത്സരം. 2-2ന് മത്സരം സമനിലയിലേക്കെന്ന് തോന്നിക്കവേ ഇഞ്ച്വറി ടൈമിൽ ബെല്ലിങ്ഹാം നേടിയ ഗോളിലൂടെ റയൽ വിജയിക്കുകയായിരുന്നു.
മത്സരത്തിന്റെ ആറാം മിനുറ്റിൽ തന്നെ ക്രിസ്റ്റ്യൻസണിന്റെ ഹെഡറിലൂടെ ബാഴ്സ മുന്നിലെത്തി. 18ാം മിനുറ്റിൽ വിനീഷ്യസിലൂടെ റയൽ തിരിച്ചടിച്ചു. വാസ്കസിന്റെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയിലൂടെയായിരുന്ന വിനീഷ്യസ് സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഫെർമിൻ ലോപ്പസിലൂടെ ബാഴ്സ വീണ്ടും മുന്നിൽ. പക്ഷേ ആരവങ്ങൾ നിലക്കും മുമ്പേ ലുക്കാസ് വാസ്കസിന്റെ മറുപടി ഗോളുമെത്തി. വിനീഷ്യസിന്റെ തകർപ്പൻ ക്രോസ് മാർക്ക് ഓടിയെത്തയ വാസ്കസ് ഗോളിലേക്ക് നിറയൊഴിക്കുകയായിരുന്നു. തുടർന്നും മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും റയൽ മുന്നേറ്റ നിര കളഞ്ഞുകുളിച്ചു. ഒടുവിൽ 91ാം മിനുറ്റിലാണ് റയൽ കാത്തിരുന്ന നിമിഷമെത്തിയത്.
ലാലിഗയിൽ 32 മത്സരങ്ങൾ പൂർത്തിയായപ്പോൾ 81 പോയന്റുമായി റയൽ ഒന്നാമതും 70 പോയന്റുള്ള ബാഴ്സലോണ രണ്ടാമതുമാണ്.