നാല് വയസുള്ള മകനെ കൊന്ന് ബാ​ഗിലാക്കി; യുവതി അറസ്റ്റിൽ

Bengaluru startup CEO killed 4-year-old son and body stuffed in bag

 

ബം​ഗളൂരുവിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ സ്റ്റാർട്ടപ്പ് സിഇഒ ആയ യുവതി അറസ്റ്റിൽ. ബം​ഗളൂരു സ്വദേശിനി സുചന സേത്ത് (39) ആണ് അറസ്റ്റിലായത്. ഗോവയിലെ ഒരു സർവീസ് അപ്പാർട്ട്‌മെന്റിൽ വച്ച് നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം ബാ​ഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. മലയാളിയായ വെങ്കിട്ടരാമനാണ് സുചനയുടെ ഭർത്താവ് എന്ന് ഗോവ പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വെങ്കിട്ടരാമനും സുചനയും പിരിഞ്ഞ് ജീവിക്കുകയാണ്. ഇരുവരുടെയും വിവാഹമോചന കേസിന്റെ നടപടികൾ അവസാനഘട്ടത്തിലാണെന്ന് നോർത്ത് ഗോവ എസ്പി നിധിൻ വൽസൻ പറഞ്ഞുബാ​ഗുമായി ടാക്സി കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്.

മകനെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ കോടതി സുചനയുടെ ഭര്‍ത്താവിനെ അനുവദിച്ചിരുന്നു. ഇതില്‍ സുചന അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ കാണുന്നതിൽ നിന്ന് വെങ്കിട്ടരാമനെ തടയാനും വിവാഹമോചനത്തിന്റെ സമ്മർദം മൂലവുമാണ് യുവതി തന്റെ കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ യഥാർഥ കാരണം പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം ഗോവയിലെ കൻഡോലിമ്മിൽ ഒരു ഹോട്ടലിൽ വച്ചാണ് സുചന സേഥ് തന്റെ മകനെ കൊന്ന് ബാഗിനുള്ളിലാക്കിയത്. തുടർന്ന് ടാക്സി വിളിച്ച് ബാഗിലാക്കിയ മകന്റെ മൃതദേഹവുമായി ഗോവയിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. യാത്രയ്ക്കിടെ കർണാടകയിലെ ചിത്രദുർ​ഗയിൽ നിന്നുമാണ് ഇവരെ പൊലീസ് പിടികൂടുന്നത്.

ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ സുചന മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് അവിടെ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ബംഗളുരുവിലേക്ക് പോകാന്‍ ടാക്സി വേണമെന്ന് ഇവർ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. സുചന പോയ ശേഷം മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാർ മുറിയില്‍ രക്തക്കറ കണ്ടു. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചു. യുവതി ഹോട്ടലിലേക്ക് വരുമ്പോൾ മകൻ ഒപ്പമുണ്ടായിരുന്നെങ്കിലും പുറത്തിറങ്ങുമ്പോള്‍ കുട്ടിയുണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ വിളിച്ച് മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ മർഗാവോ ടൗണിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് സുചന പറഞ്ഞത്. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ നല്‍കി. എന്നാല്‍ ഈ വിലാസം വ്യാജമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇതോടെ പൊലീസ് സുചന സഞ്ചരിച്ച ടാക്സി ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്കിണി ഭാഷയിലാണ് സംസാരിച്ചത്. സുചനയ്ക്ക് ഒരു സംശയവും തോന്നാതെ ടാക്സി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് കാര്‍ എത്തിച്ചു.

മുറിയിൽ കണ്ട ചോരപ്പാടുകളെ കുറിച്ച് ചോദിച്ചപ്പോൾ ആർത്തവ രക്തം വീണതാണെന്നായിരുന്നു സുചന പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് ബാ​ഗ് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ നാല് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഐമംഗല പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കർണാടകയിലെത്തിയ ​ഗോവയിലെ അന്വേഷണ സംഘം പ്രതിയെ അവിടേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *